ചെന്നൈ: തെന്നിത്യൻ ചലച്ചിത്ര നടി തൃഷയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടൻ മൻസൂർ അലി ഖാൻ. ഇത് സംബന്ധിച്ച് മൻസൂർ അലി ഖാൻ വാർത്താ കുറിപ്പ് പുറത്തിറക്കി. സംഭവം വൻ വിവാദമായതോടെ തമിഴ് സിനിമാ രംഗത്തു നിന്നും വലിയ വിമർശനങ്ങളായിരുന്നു ഉയർന്നത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മൻസൂർ അലി ഖാന്‍റെ ക്ഷമാപണം.
വിജയും തൃഷയും അഭിനയിച്ച ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു മൻസൂർ അലി ഖാന്‍റെ വിവാദ പരാമർശം. അതിൽ തൃഷയുടെയും ഖുശ്ബുവിന്‍റെയും റോജയുടെയും പേരെടുത്ത് പറയുകയും ചെയ്തു. ഇതിനെതിരേ തൃഷ ശക്തമായി രംഗത്തെത്തയിരുന്നു. അദ്ദേഹത്തിനൊപ്പം ഇനി അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു.
ലോകേഷ് കനകരാജും ഇതുമായി ബന്ധപ്പെട്ട് മൻസൂർ അലി ഖാനെതിരേ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ ഇനി ലോകേഷ് ചിത്രത്തിൽ താൻ അഭിനയിക്കില്ലെന്നും നായകനായി വിളിച്ചാൽ ആലോചിക്കാമെന്നും മൻസൂർ അലി ഖാൻ പറഞ്ഞിരുന്നു.
അതേസമയം, അദ്ദേഹത്തിനെതിരേ ചെന്നൈയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗിക ചുവയോടെ സംസാരിക്കുക എന്നീ വകുപ്പുകൾ ചുത്തിയാണ് കേസ്. നടനെതിരേ കേസെടുക്കാൻ ദേശീയ വനിത കമ്മീഷനും തമിഴ്നാട് ഡിജിപിയോട് നിർദേശം നൽകിയിട്ടുണ്ട്.