Representative image 
India

ക്യാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി ഇന്ത്യ

ന്യൂഡൽഹി: ക്യാനഡയും ഇന്ത്യയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ക്യാനഡയിലെ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർഥികൾക്കും ജാഗ്രതാ നിർദേശം നൽകി വിദേശകാര്യമന്ത്രാലയം.

ക്യാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളും അപലപനീയമായ വിദ്വേഷകുറ്റങ്ങളും ആക്രമണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ഇന്ത്യൻ പൗരന്മാരും, ക്യാനഡയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നാണ് വിദേശ കാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇന്ത്യാ വിരുദ്ധ അജണ്ടകൾക്കെതിരേ ശബ്ദമുയർത്തുന്ന ഇന്ത്യൻ തയതന്ത്രജ്ഞർക്കും ഇന്ത്യൻ കമ്യൂണിറ്റിക്കുമെതിരേ ഭീഷണി ശക്തമാണ്. അത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള പ്രദേശങ്ങളിലേക്ക് പോകാതിരിക്കാൻ ഇന്ത്യൻ യാത്രികർ ശ്രദ്ധിക്കണം. ക്യാനഡയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഇന്ത്യൻ ഹൈ കമ്മിഷൻ/ കോൺസുലേറ്റ് ജനറൽ നിരന്തരമായി കനേഡിയൻ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. ക്യാനഡയിലെ സുരക്ഷാ സാഹചര്യം ദിനം പ്രതി മോശമായിക്കൊണ്ടിരിക്കുന്നതിനാൽ ഇന്ത്യൻ വിദ്യാർഥികൾ അതീവജാഗ്രത പാലിക്കണം. ക്യാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർഥികളും ഒട്ടാവയിലെ ഇന്ത്യൻ ഹൈകമ്മിഷനിലോ ടൊറന്‍റോയിലോ വാൻകോവറിലോ ഉള്ള ഇന്ത്യൻ കോൺസുലേറ്റ്സ് ജനറലിലോ വെബ്സൈറ്റുകളോ madad.gov.in പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഖലിസ്ഥാൻ വിഘടനവാദിയുടെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജന്‍റുകളാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇന്ത്യയും ക്യാനഡയും തമ്മിലുള്ള ബന്ധം വഷളായത്. ഇതേത്തുടർന്ന് ഇരു രാജ്യങ്ങളും പരസ്പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഇന്ത്യയെ പ്രകോപിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാൽ വിഘടനവാദിയുടെ കൊലപാതകവിഷയം ഗൗരവത്തിൽ എടുക്കണമെന്ന് ട്രൂഡോ പ്രതികരിച്ചിരുന്നു. ഇന്ത്യയിൽ ഭീകരാക്രമണ ഭീഷണി ഉള്ളതിനാൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് ക്യാനഡ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പുറകേയാണ് ഇന്ത്യയും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിദേശ കാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചിയും മുന്നറിയിപ്പ് നൽകികൊണ്ടുള്ള ഔദ്യോഗിക കുറിപ്പ് ട്വിറ്ററിൽ പങ്കു വച്ചിട്ടുണ്ട്.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി