കൊച്ചി: മൈക്രോസോഫ്റ്റിനെ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍ ബ്രാന്‍ഡായി 2024-ലെ റന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ച് കണ്ടെത്തി. ടിസിഎസ് രണ്ടാം സ്ഥാനത്തും ആമസോണ്‍ മൂന്നാം സ്ഥാനത്തും എത്തി. ടാറ്റാ പവര്‍ കമ്പനി, ടാറ്റാ മോട്ടോര്‍സ്, സാംസഗ് ഇന്ത്യ, ഇന്‍ഫോസിസ്, എല്‍ ആന്‍റ് ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മേഴ്‌സിഡസ് ബെന്‍സ് എന്നിവയാണ് 2024-ൽ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴില്‍ ബ്രാന്‍ഡുകളുടെ ലിസ്റ്റിലുള്ള മറ്റ് കമ്പനികൾ.
സാമ്പത്തിക ആരോഗ്യം, മികച്ച അംഗീകാരം, തൊഴില്‍ രംഗത്ത് വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ തുടങ്ങി തൊഴില്‍ നല്‍കുന്നവരെ വിലയിരുത്തുന്ന മൂന്നു ഘടകങ്ങളിലും മൈക്രോസോഫ്റ്റ് വളരെ ഉയര്‍ന്ന നിലയിലാണെന്നു സര്‍വേ ചൂണ്ടിക്കാട്ടുന്നു.
ജീവിതച്ചെലവ് വര്‍ധിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന കുറഞ്ഞ വേതനം മൂലം 34 ശതമാനം പേരും ജോലി ഉപേക്ഷിക്കുന്നതായി സര്‍വേ കണ്ടെത്തി. അതേ സമയം 29 ശതമാനം പേര്‍ക്കു മാത്രം പണപ്പെരുപ്പത്തെ മറികടക്കുന്ന വേതനം ലഭിക്കുന്നതായും ജീവിതച്ചെലവു വര്‍ധനവിനെ പൂര്‍ണമായി മറികടക്കാന്‍ സാധിക്കുന്നതായും കാണ്ടെത്തി. 40 ശതമാനം പേര്‍ക്ക് പണപ്പെരുപ്പത്തെ തുടര്‍ന്നു വേതനത്തില്‍ ഉയര്‍ച്ച ലഭിക്കുന്നുണ്ടെങ്കിലും അതു ചെലവുകള്‍ മറികടക്കാനാവാത്ത സ്ഥിതിയാണ്. ഇന്ത്യന്‍ തൊഴില്‍ സേനയിലെ നാലില്‍ മൂന്നിലേറെ പേര്‍ തൊഴില്‍ ദാതാക്കള്‍ അവരുടെ എല്ലാ രംഗത്തെ പ്രതീക്ഷകളും നിറവേറ്റുന്നതായി വിശ്വസിക്കുന്നു.
സമഗ്രവും സ്വതന്ത്രവുമായി തൊഴില്‍ദാതാക്കളെ കുറിച്ച് ആഗോളതലത്തില്‍ എല്ലാ വര്‍ഷവും ആഴത്തിലുള്ള പഠനമാണ് റന്‍ഡ്സ്റ്റാഡ് ഇന്ത്യ സംഘടിപ്പിക്കുന്നത്. മികച്ച തൊഴില്‍ ദാതാവ് എന്ന നിലയിലെ വിലയിരുത്തലുകള്‍ നടത്താന്‍ ബിസിനസുകള്‍ക്കുള്ള സമഗ്രമായ ഗൈഡാണ് റന്‍ഡ്സ്റ്റാഡ് എംപ്ലോയര്‍ ബ്രാന്‍ഡ് റിസര്‍ച്ചെന്ന് റന്‍ഡ്സ്റ്റാഡ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ പി.എസ്. വിശ്വനാഥ് പറഞ്ഞു. തൊഴില്‍സേനയുടെ മാറിക്കൊണ്ടിരിക്കുന്ന പ്രതീക്ഷകളും ഈ വര്‍ഷത്തെ സര്‍വേയില്‍ നിന്നുള്ള കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്നു. കഴിവുകളുള്ള ഒരു സമൂഹം ജോലിക്കായി ബ്രാന്‍ഡുകളെ തെരഞ്ഞെടുക്കുന്നത് കൂടുതല്‍ അവബോധത്തോടെയായിരിക്കും. അവരുടെ കാഴ്ചപ്പാടുകളും മുന്‍ഗണനകളും മനസിലാക്കേണ്ടത് ഇവിടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.