തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടർന്ന് മിൽമ ജീവനക്കാർ ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ച അനശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യനുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
അടുത്ത മാസം 15നകം ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന് ജീവനക്കാർക്ക് ഉറപ്പ് നൽകി. ശമ്പളപരിഷ്കരണം നടപ്പാക്കിയില്ലെങ്കിൽ ജൂലൈ 15 അർധരാത്രി മുതൽ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകൾ അറിയിച്ചു. 2023ൽ പുതിയ ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കിയില്ല. സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.
മിൽമ ചെയർമാൻ കെ എസ് മണി, എംഡി ആസിഫ് കെ. യൂസഫ്,റീജിയണൽ ചെയർമാൻമാരായ ഡോ.പി. മുരളി,കെ.സി. ജയിംസ്, ജെ.പി. വിത്സൺ, തൊഴിലാളി സംഘടനാ നേതാക്കളായ എം.എസ്. ബാബുശ്രീകുമാരൻ, പി.കെ. ബിജു(സിഐടിയു), ഭുവനചന്ദ്രൻ നായർ,എസ് സുരേഷ് കുമാർ(ഐഎൻടിയുസി),കെ.എസ്. മധുസൂദനൻ, എസ്. സുരേഷ് കുമാർ(എഐടിയുസി),അഡീഷണൽ ലേബർ കമ്മിഷണർ കെ. ശ്രീലാൽ,ഡെപ്യൂട്ടി ലേബർ കമ്മിഷണർ കെ.എസ്. സിന്ധു എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.