ന്യൂഡല്‍ഹി: രാജ്യത്തെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷിക്കും. പദ്ധതിക്കു കീഴിൽ പ്രവർത്തിക്കുന്ന 53 ശതമാനം സ്ഥാപനങ്ങളും വ്യാജമെന്നു ന്യൂനപക്ഷകാര്യ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണു നടപടി. വിശദ പരിശോധനയ്ക്കാണു കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ നിർദേശം.കേരളത്തിലടക്കം പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. സ്കോളർഷിപ്പ് പദ്ധതിക്കു കീഴിൽ പ്രവർത്തിക്കുന്ന 830 സ്ഥാപനങ്ങളില്‍ വലിയ ക്രമക്കേടു നടന്നതായി ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഈ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ 5 വര്‍ഷത്തിനിടെ 144.83 കോടി രൂപയുടെ അഴിമതിയാണ് നടന്നത്.
ജൂലൈ 10ന് ന്യൂനപക്ഷകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോളർഷിപ്പ് കുംഭകോണമാണിതെന്നും റിപ്പോർട്ട്. 34 സംസ്ഥാനങ്ങളിലായി 100 ജില്ലകളിലെ 1,572 സ്ഥാപനങ്ങളിലാണ് ആഭ്യന്തര അന്വേഷണം നടത്തിയത്. 830 സ്ഥാപനങ്ങള്‍ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തി. 21 സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കുകൾ മാത്രമാണിത്. അവശേഷിക്കുന്ന 13 സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളെക്കുറിച്ച് ഇപ്പോഴും ആഭ്യന്തര അന്വേഷണം തുടരുകയാണ്.
ക്രമക്കേട് കണ്ടെത്തിയ മുഴുവൻ സ്ഥാപനങ്ങളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഒന്നാം ക്ലാസ് മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിദ്യാർഥികൾക്കായി 1,80,000 സ്ഥാപനങ്ങളെ ഉൾപ്പെടുത്തി നടപ്പാക്കുന്നതാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് പദ്ധതി. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് 2007-2008 അധ്യയന വര്‍ഷമാണ് ഈ പദ്ധതി ആരംഭിച്ചത്. ന്യൂനപക്ഷ സ്കോളർഷിപ്പുകൾ 2016ൽ ഡിജിറ്റൈസ് ചെയ്ത് എൻഎസ്പിയിലേക്ക് കൊണ്ടുവന്നിരുന്നു. പദ്ധതി പ്രകാരം കഴിഞ്ഞ 5 വർഷത്തിനിടെ മന്ത്രാലയം പ്രതിവർഷം 2,000 കോടി രൂപയിലധികം ഫണ്ട് അനുവദിച്ചിട്ടുണ്ട്. 2007-08 നും 2021-22 നും ഇടയിലുള്ള ആകെ തുക 22,000 കോടി രൂപ.
ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങള്‍ വ്യാജ ഗുണഭോക്താക്കളുടെ പേരിൽ ന്യൂനപക്ഷ വിദ്യാർഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ എല്ലാ വര്‍ഷവും വാങ്ങിയെന്നാണു കണ്ടെത്തിയത്. ഇതിനായി അനുമതി പത്രങ്ങള്‍ നല്കിയ ഈ സ്ഥാപനങ്ങളുടെ നോഡല്‍ ഓഫിസര്‍മാര്‍, ജില്ലാ നോഡല്‍ ഓഫിസര്‍മാര്‍ എന്നിവർക്കെതിരേ അന്വേഷണമുണ്ടാകും. നിരവധി സംസ്ഥാനങ്ങളിൽ വർഷങ്ങളായി സമാനമായ തട്ടിപ്പ് ഒരേ സമയം തുടർന്നത് എങ്ങനെയെന്നും സിബിഐ പരിശോധിക്കും.
വ്യാജ ആധാര്‍ കാര്‍ഡുകളും കെവൈസി രേഖകളും ഉപയോഗിച്ച് ഗുണഭോക്താക്കള്‍ക്ക് വ്യാജ അക്കൗണ്ടുകള്‍ തുറക്കാന്‍ അനുമതി നൽകിയ ബാങ്കുകൾക്കെതിരേയും അന്വേഷണമുണ്ടാകും. നിലവിലില്ലാത്തതോ പ്രവര്‍ത്തനരഹിതമോ ആണെങ്കിലും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമായ പല സ്ഥാപനങ്ങള്‍ക്കും ദേശീയ സ്കോളര്‍ഷിപ്പ് പോര്‍ട്ടലിലും യുണിഫൈഡ് ഡിസ്ട്രിക്റ്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷനിലും രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.
കേരളത്തിൽ മലപ്പുറത്ത് ഒരു ബാങ്കിന്റെ ശാഖ 66,000 സ്കോളര്‍ഷിപ്പുകളാണു വിതരണം ചെയ്തത്. എന്നാൽ, സ്കോളർഷിപ്പിന് അര്‍ഹരും രജിസ്റ്റർ ചെയ്തവരുമായ ന്യൂനപക്ഷ വിദ്യാർഥികളുടെ എണ്ണം ഇത്രയുമില്ല. ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ 5,000 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തപ്പോൾ 7,000 പേർ അവകാശമുന്നയിച്ചു.
ഛത്തിസ്ഗഡിൽ 62ഉം രാജസ്ഥാനിൽ 99ഉം സ്ഥാപനങ്ങളും വ്യാജമെന്നു കണ്ടെത്തി. അസമിൽ 68 ശതമാനം സ്ഥാപനങ്ങളും വ്യാജമോ പ്രവർത്തനരഹിതമോ ആണ്. കർണാടകയിൽ 64 ശതമാനം സ്ഥാപനങ്ങൾ വ്യാജം. ഹോസ്റ്റൽ ഇല്ലാത്ത സ്ഥാപനത്തിൽ ഹോസ്റ്റൽ സ്കോളർഷിപ്, സ്കൂളിൽ ചേരാത്തവർക്ക് സ്കോളർഷിപ്, ഒരേ മാതാപിതാക്കളുടെ മക്കളെന്ന പേരിൽ ഒമ്പതാം ക്ലാസിൽ 22 കുട്ടികൾക്ക് ആനുകൂല്യം അങ്ങനെ വലിയ തോതിലാണു ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. 2018-19ൽ ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് 2,239 സ്കോളർഷിപ്പുകളാണ് വാങ്ങിയത്. 2019നും 20നും ഇടയിൽ സമാനമായി 577 സ്കോളർഷിപ്പുകൾ വിതരണം ചെയ്തിട്ടുണ്ട്.