ന്യൂഡൽഹി: ചില രാജ്യങ്ങൾ അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഉപയോഗപ്പെടുത്തുകയും, ഭീകരവാദികൾക്ക് സുരക്ഷിത താവളം ഒരുക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്‌ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ സാക്ഷിയാക്കിയാണ്, ഒരു രാജ്യത്തിന്‍റെ പേരെടുത്തു പറയാതെ മോദിയുടെ വിമർശനം.
അതിർത്തികടന്നുള്ള ഭീകരവാദത്തെ എസ്‌സിഒ യോഗം ഔപചാരികമായി അപലപിക്കണമെന്നും മോദി ആവശ്യപ്പെട്ടു. പ്രാദേശികതലത്തിലും ആഗോളതലത്തിലും സമാധാനത്തിനു ഭീഷണിയാണ് ഭീകരവാദമെന്നും അദ്ദേഹം പറഞ്ഞു.
വിർച്വൽ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനും പങ്കെടുക്കുന്നുണ്ട്.