നരേന്ദ്ര മോദി, രാഹുൽ ഗാന്ധി. 
India

''മോദി ജനിച്ചത് ഒബിസി കുടുംബത്തിലല്ല''; രാഹുലിന്‍റെ പരാമർശം വിവാദം, വിശദീകരണവുമായി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനിച്ചത് ഒബിസി കുടുംബത്തിൽ അല്ലെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദമാകുന്നു.

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ഒഡീഷയിലെത്തിയപ്പോഴാണ് രാഹുലിന്‍റെ വിവാദ പരാമർശമുണ്ടായത്. മറ്റു പിന്നാക്ക വിഭാഗങ്ങളിൽ (ഒബിസി) ഉൾപ്പെട്ട ആളെന്നു സ്വയം വിശേഷിപ്പിക്കുന്ന നരേന്ദ്ര മോദി യഥാർഥത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നായിരുന്നു രാഹുലിന്‍റെ വാദം. ഘാഞ്ചി സമുദായത്തിലാണ് മോദി ജനിച്ചതെന്നും, ഗുജറാത്തിൽ ബിജെപി അധികാരത്തിലെത്തിയ ശേഷം മാത്രമാണ് ആ സമുദായത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

മോധ് ഘാഞ്ചി സമുദായം ഇപ്പോൾ ഗുജറാത്ത് സർക്കാരിന്‍റെ ഒബിസി പട്ടികയിലുണ്ട് എന്നു കാണിക്കുന്ന വിശദീകരണമാണ് ഇതിനു മറുപടിയായി സർക്കാർ പുറത്തിറക്കിയത്. ഗുജറാത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ മണ്ഡൽ കമ്മീഷനാണ് ഈ സമുദായത്തെ ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത്. ഗുജറാത്തിലെ 105 ഒബിസി സമുദായങ്ങളുടെ കൂട്ടത്തിൽ കേന്ദ്ര സർക്കാരും ഘാഞ്ചി സമുദായത്തെ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു.

എന്നാൽ, രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ, ബിജെപി സർക്കാരാണ് ഈ സമുദായത്തെ ഒബിസി വിഭാഗത്തിലാക്കിയത് എന്ന ഭാഗം മാത്രമാണ് ബിജെപി നിരാകരിക്കുന്നത്. 1994 ജൂലൈ 25നാണ് സമുദായത്തെ ഒബിസി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. അന്ന് കോൺഗ്രസാണ് ഗുജറാത്ത് ഭരിച്ചിരുന്നത്. എന്നാൽ, നരേന്ദ്ര മോദി ജനിക്കുന്ന സമയത്ത് ഈ സമുദായം ഒബിസി ആയിരുന്നില്ല എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ സ്പർശിക്കാതെ പോകുമ്പോൾ, ബിജെപിയും കേന്ദ്ര സർക്കാരും ഇതു പരോക്ഷമായി സമ്മതിക്കുകയും ചെയ്യുകയാണ്.

കേന്ദ്ര സർക്കാർ നിർദേശ പ്രകാരം ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുന്നത് 2000 ഏപ്രിൽ നാലിനാണ്. അപ്പോഴും മോദിയായിരുന്നില്ല ഗുജറാത്ത് മുഖ്യമന്ത്രി എന്നും വിശദീകരണത്തിൽ പറയുന്നു.

കോൺഗ്രസ് അധികാരത്തിൽ വന്നാൽ രാജ്യവ്യാപകമായി ജാതി സെൻസസ് നടപ്പാക്കുമെന്നും, സംവരണത്തിൽ സുപ്രീം കോടതി ഏർപ്പെടുത്തിയ 50% എന്ന നിയന്ത്രണം എടുത്തുകളയുമെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞത് കോൺഗ്രസ് പരമ്പരാഗതമായി സംവരണത്തിന് എതിരായിരുന്നു എന്നാണ്. പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കും ഒബിസി വിഭാഗത്തിനും സർക്കാർ ജോലിയിൽ സംവരണം നൽകുന്നത് നിലവാരത്തകർച്ചയ്ക്ക് ഇടയാക്കുമെന്നു കാണിച്ച് ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് കത്തയച്ചിരുന്നു എന്നും മോദി ആരോപിച്ചിരുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ