ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാൻ സമവായ നീക്കം തുടരുന്നു. ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തിനായി നിലപാട് കടുപ്പിക്കുന്നതിനിടെ ഹൈക്കമാൻഡ് പുതിയ ഓഫറുകൾ മുന്നോട്ടു വച്ചു. സർവാധികാരമുള്ള ഉപമുഖ്യമന്ത്രി പദത്തിനും സുപ്രധാന വകുപ്പുകൾക്കും പുറമേ ശിവകുമാർ നിർദേശിക്കുന്ന മൂന്ന് പേരെ മന്ത്രി സഭയിലുൾപ്പെടുത്താമെന്ന വാഗ്ദാനമാണ് പുതിയതായി നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്. രാഹുൽ ഗാന്ധി കൂടി പങ്കെടുത്ത യോഗത്തിലാണ് നിർദേശം ഉയർന്നത്.
മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടു നൽകാമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമ്പോഴും ഇരുകൂട്ടരും ആദ്യ 2 വർഷത്തിനുവേണ്ടി പിടിവലികൂടുകയാണ്. ആദ്യ 2 വർഷം സിദ്ധരാമയ്യക്കും പിന്നീട് ഡികെയ്ക്കും എന്നായിരുന്നു ഹൈക്കമാൻഡ് ഫോർമുല. എന്നാൽ ഡികെ നിലപാട് കടുപ്പിച്ചതോടെയാണ് സമവായത്തിന് പുതിയ ഓഫറുകളുമായി ഹൈക്കമാൻഡ് രംഗത്തെത്തിയിരിക്കുന്നത്.