Election Representative image
India

99% സ്വതന്ത്രർക്കും കെട്ടിവച്ച കാശ് നഷ്ടം

ന്യൂഡൽഹി: പാർലമെന്‍റ് മുതൽ പഞ്ചായത്ത് വരെയുള്ള തെരഞ്ഞെടുപ്പുകളിൽ അപരനായും അല്ലാതെയും നിരവധി സ്വതന്ത്രർ മത്സരിക്കാറുണ്ട്. പാർലമെന്‍റിലേക്കും നിയമസഭകളിലേക്കും അപൂർവം ചിലർ ജയിക്കും. മറ്റുള്ളവരെക്കുറിച്ച് തെരഞ്ഞടുപ്പിനുശേഷം ആരും ചിന്തിക്കാറില്ല. എന്നാൽ, പാർലമെന്‍റിലേക്ക് മത്സരിക്കുന്ന മഹാഭൂരിപക്ഷം സ്വതന്ത്രർക്കും കെട്ടിവച്ച പണം പോലും തിരികെക്കിട്ടാറില്ലെന്നതാണ് യാഥാർഥ്യം.

1991 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച സ്വതന്ത്രരില് 99 ശതമാനം പേർക്കും കെട്ടിവച്ച പണം പോലും കിട്ടിയില്ലെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍റെ കണക്കുകൾ തെളിയിക്കുന്നു. പണം പോയാലും മത്സരിക്കുന്ന സ്വതന്ത്രരുടെ എണ്ണം വർധിക്കുന്നുമുണ്ട്. മൊത്തം സാധുവായ വോട്ടിന്‍റെ ആറിലൊന്ന് നേടാത്തവർ കെട്ടിവച്ച പണം സർക്കാർ ഖജനാവിലേക്കു പോകുമെന്നാണു തെരഞ്ഞെടുപ്പു കമ്മിഷന്‍റെ ചട്ടം.

1951ൽ സ്വതന്ത്രരിൽ ആറു ശതമാനവും 1957ൽ എട്ടു ശതമാനവും വിജയം കണ്ടപ്പോൾ 2019ൽ 0.11 ശതമാനമാണു വിജയിച്ചത്. 1951ലെ ആദ്യ തെരഞ്ഞെടുപ്പിൽ 533 സ്വതന്ത്രർ മത്സരിച്ചു. 37 പേർ വിജയിച്ചു. അന്ന് പൊതുവിഭാഗത്തിന് 500 രൂപയും സംവരണ സീറ്റുകളിൽ 250 രൂപയുമായിരുന്നു കെട്ടിവയ്ക്കേണ്ടത്.

1957ൽ 1519 സ്വതന്ത്രർ മത്സരിച്ചു. 42 പേർ വിജയിച്ചു. 1962ൽ 78 ശതമാനത്തിനും കെട്ടിവച്ച തുക നഷ്ടമായി. 20 സ്വതന്ത്രരാണു വിജയിച്ചത്. 2019ൽ 8000 സ്വതന്ത്ര സ്ഥാനാർഥികളുണ്ടായിരുന്നു. നാലു പേർ മാത്രമാണു വിജയിച്ചത്. 99.6 ശതമാനവും പരാജയപ്പെട്ടു. ബിജെപി പിന്തുണ നൽകിയ സുമലത അംബരീഷ് (മാണ്ഡ്യ), കോൺഗ്രസ് - എൻസിപി പിന്തുണച്ച നവനീത് റാണ (അമരാവതി), അടുത്തിടെ ബിജെപിയിൽ ചേർന്ന മുൻ ഉൾഫ കമാൻഡർ നബകുാർ സരനിയ (കൊക്രാഝർ), മോഹൻഭായ് സൻജിഭായ് ദേൽക്കർ (ദാദ്ര നഗർ ഹവേലി) എന്നിവരായിരുന്നു പതിനേഴാം ലോക്സഭയിലെ സ്വതന്ത്രർ. ഇവരിൽ ദേൽക്കർ 2021ൽ മരണമടഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്‍റെ ഭാര്യ ശിവസേന (യുബിടി) സ്ഥാനാർഥിയായി വിജയിച്ചു. സുമലത ഇത്തവണ മത്സരിക്കുന്നില്ല. നവനീത് റാണ ബിജെപി സ്ഥാനാർഥിയാണ്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം