മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ പശുക്കടത്ത് ആരോപിച്ച് യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയതിന് "ഗോ രക്ഷകർ' എന്ന് ആരോപിക്കപ്പെടുന്ന സംഘത്തിലെ ആറു പേർ അറസ്റ്റിൽ. കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ്. കഴിഞ്ഞ 10ന് ഇഗത്പുരി മേഖലയിലെ ഘടൻദേവിയിലായിരുന്നു സംഭവം. ലുക്മാൻ അൻസാരി (23) എന്ന യുവാവാണു കൊല്ലപ്പെട്ടത്. അൻസാരിയുടെ മൃതദേഹം ഒരു കൊക്കയിൽ നിന്നാണു കണ്ടെടുത്തത്.
അറസ്റ്റിലായവരെല്ലാം രാഷ്ട്രീയ ബജ്റംഗ്ദൾ എന്ന സംഘടനയിൽപ്പെട്ടവരാണെന്നു പൊലീസ്. കഴിഞ്ഞ എട്ടിനു കന്നുകാലികളെയും വഹിച്ചു ലോറിയിൽ വരികയായിരുന്ന അൻസാരിയുൾപ്പെടെ മൂന്നു പേരെ താനെയിലെ വിഹിഗാവിൽ നിന്ന് പത്തു പേരോളം വരുന്ന സംഘം പിടിച്ചുകൊണ്ടുപോകുകയായിരുന്നു. വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സംഘം ലോറി ഇഗത്പുരിയിലെത്തിച്ചശേഷം കന്നുകാലികളെ അഴിച്ചുവിട്ടു. അൻസാരിയുൾപ്പെടെ മൂന്നു പേരെയും ഇവർ മർദിച്ചു. മറ്റു രണ്ടു പേരും ഓടി രക്ഷപെട്ടെപ്പോൾ അൻസാരിക്ക് ഓടുന്ന വഴിയിൽ കൊക്കയിലേക്കു വീണു. പിന്നീടു മൃതദേഹം കണ്ടെത്തി.
അൻസാരി കൊക്കയിൽ വീണു മരിച്ചതാണെന്നായിരുന്നു അക്രമികൾ പറഞ്ഞത്. എന്നാൽ, ഇരുമ്പു ദണ്ഡുകൊണ്ടുള്ള അടിയേറ്റ് തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. തുടർന്നാണ് അറസ്റ്റുണ്ടായത്. അനധികൃതമായി പശുക്കളെ കടത്തിയതിന് അൻസാരിക്കൊപ്പമുണ്ടായിരുന്നവർക്കെതിരേയും കേസെടുത്തു.