Narendra Modi And Vladimir Putin 
India

മോദി റഷ്യയിൽ; പുടിനുമായി ചർച്ച നടത്തും

മോസ്കോ: ഇന്ത്യ- റഷ്യ ബന്ധത്തിലും ആഗോള രാഷ്‌ട്രീയത്തിലും നിർണായകമാകുന്ന സന്ദർശനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ. യുക്രെയ്‌നെതിരേ റഷ്യ യുദ്ധം തുടങ്ങിയശേഷം മോദിയുടെ ആദ്യ മോസ്കോ സന്ദർശനമാണിത്. അഞ്ചു വർഷത്തിനുശേഷമുള്ള റഷ്യ സന്ദർശനം, മൂന്നാംതവണ പ്രധാനമന്ത്രിയായശേഷമുള്ള ആദ്യ സന്ദർശനം തുടങ്ങിയ സവിശേഷതകളുമുണ്ട് മോദിയുടെ യാത്രയിൽ. ഇന്നാണു റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും മോദിയുമായി ഇന്ത്യ- റഷ്യ 22ാം വാർഷിക ഉച്ചകോടി.

യുദ്ധം തുടങ്ങിയശേഷം റഷ്യയോട് അകന്നു നിൽക്കുന്ന പടിഞ്ഞാറൻ രാജ്യങ്ങളും ഏറെ ശ്രദ്ധയോടെയാണു മോദിയുടെ ദ്വിദിന സന്ദർശനം വീക്ഷിക്കുന്നത്. യുക്രെയ്‌ൻ യുദ്ധം സംബന്ധിച്ച് മോദിയുടെ നിർദേശങ്ങളെന്താകുമെന്ന ആകാംക്ഷ ലോകത്തിനുണ്ട്. നേരത്തേ, ഇതു യുദ്ധത്തിനുള്ള സമയമല്ലെന്ന് പുടിനോടു മോദി വ്യക്തമാക്കിയത് ആഗോള തലത്തിൽ ചലനമുണ്ടാക്കിയിരുന്നു. പ്രതിരോധം, വ്യാപാരം തുടങ്ങി വിവിധ വിഷയങ്ങളിൽ നടക്കുന്ന ചർച്ചകളിൽ ഇരുരാജ്യങ്ങളും സ്വീകരിക്കുന്ന ഏതു തീരുമാനവും ആഗോള ശാക്തിക- രാഷ്‌ട്രീയ മേഖലകളെ സ്വാധീനിക്കും.

തിങ്കളാഴ്ച മോസ്കോയിലെ നുകോവോ 2 വിമാനത്താവളത്തിൽ റഷ്യയുടെ ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മന്തുറവയാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. തുടർന്നു ഗാർഡ് ഒഫ് ഓണറിനുശേഷം ഹോട്ടൽ മുറിവരെ അദ്ദേഹം മോദിയെ അനുഗമിച്ചു. നേരത്തേ, ചൈനീസ് പ്രധാനമന്ത്രി ഷി ജിൻപിങ് റഷ്യ സന്ദർശിച്ചപ്പോഴും മന്തുറവയാണു സ്വീകരിച്ചത്. ഹോട്ടലിൽ ഇന്ത്യൻ സമൂഹം മോദിയെ വരവേൽക്കാനെത്തി. റഷ്യൻ കലാപരിപാടികളും പ്രധാനമന്ത്രിക്കു വേണ്ടി ഒരുക്കിയിരുന്നു.

തിങ്കളാഴ്ച രാത്രി പുടിന്‍റെ വിരുന്നിൽ പങ്കെടുത്തു പ്രധാനമന്ത്രി. ഇന്ന് ഉച്ചകോടിക്കു ശേഷം റഷ്യയിലെ ഇന്ത്യൻ സമൂഹത്തെ കാണും. റഷ്യൻ സൈന്യത്തിനു സഹായത്തിനായി ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഉച്ചകോടിയിൽ മോദി ആവശ്യപ്പെട്ടേക്കും. നിലവിൽ റഷ്യയിലെ യുദ്ധമേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരെ തിരിച്ചയയ്ക്കാനും സഹായം തേടും.

റഷ്യയുമായുള്ള തന്ത്രപരമായ സഹകരണം കൂടുതൽ ആഴമേറിയതാക്കുകയാണു ലക്ഷ്യമെന്നു മോസ്കോയിലെത്തിയ ഉടൻ മോദി സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയുംബന്ധം കൂടുതൽ കരുത്തുറ്റതാകുന്നത് ജനങ്ങൾക്കു ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

റഷ്യയിൽ നിന്ന് ഓസ്ട്രിയയിലേക്കാണു പ്രധാനമന്ത്രിയുടെ യാത്ര. 41 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു