ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളുടെ പേരിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നർഗീസ് ദത്തിന്റെയും പേരുകൾ ഒഴിവാക്കി. നേരത്തെ നവാഗത സംവിധായകനുള്ള പുരസ്ക്കാരത്തിൽ ഇന്ദിരാ ഗന്ധിയുടേ പേര് ഉണ്ടായിരുന്നു. അത് സംവിധായകന്‍റെ മികച്ച നവാഗത ചിത്രം എന്ന് പുനർ നാമകരണം ചെയ്തു. നേരത്തെ നിര്‍മ്മാതാവും സംവിധായകനുമായി ലഭിച്ചിരുന്ന സമ്മാനത്തുക ഇനി സംവിധായകന് മാത്രമായിരിക്കും.
ദേശീയോദ്ഗ്രഥന ചലച്ചിത്രത്തിനുള്ള പുരസ്കാരമായിരുന്നു നര്‍ഗീസ് ദത്തിന്‍റെ പേരിൽ സമ്മാനിച്ചിരുന്നത്. ഇത് ഇനി മുതൽ മികച്ച ഫീച്ചര്‍ ഫിലിം എന്നു മാത്രമായിരിക്കും അറിയപ്പെടുക. സാമൂഹിക പ്രശ്നങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള അവാര്‍ഡ് വിഭാഗങ്ങള്‍ ഇനി മുതല്‍ ഒറ്റ വിഭാഗമായിരിക്കും.
സംവിധായകൻ പ്രിയദർശൻ ഉൾപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടേതാണ് തീരുമാനം. ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ കാലോചിതമായ മാറ്റം വരുത്തുന്നതായി വാർത്താ വിതരണ മന്ത്രാലയം അഡീഷനൽ സെക്രട്ടറി നീരജ ശേഖറിന്‍റെ അധ്യക്ഷതയിലാണ് പ്രിയദർശൻ ഉൾപ്പെട്ട സമിതി രൂപീകരിച്ചത്. സമിതിയുടെ ശുപാർശകൾ സർക്കാർ അംഗീകരിക്കുകയായിരുന്നു. 70-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ക്കായുള്ള വിജ്ഞാപനം പുറത്തിറക്കിയപ്പോഴാണ് മാറ്റങ്ങൾ വ്യക്തമായത്.
ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് എല്ലാ വര്‍ഷവും ഇന്ത്യന്‍ ചലച്ചിത്ര പ്രതിഭകള്‍ക്ക് നല്‍കുന്ന ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനുള്ള പാരിതോഷികം 10 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി ഉയര്‍ത്തി.