ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ്-യുജി പരീക്ഷാ ഫലം പുറത്തു വിട്ട് നാഷണൽ ടെസ്റ്റിങ് ഏജൻസി( എൻടിഎ). പരീക്ഷയുടെ നഗരങ്ങളും പരീക്ഷാ കേന്ദ്രങ്ങളും അടിസ്ഥാനമാക്കിയുള്ള ഫലമാണ് പുറത്തു വിട്ടിരിക്കുന്നത്. സുപ്രീം കോടതി നിർദേശത്തെത്തുടർന്നാണ് നടപടി. പരീക്ഷയിൽ ക്രമക്കേടു നടന്നുവെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ ഇതു വ്യക്തമായി അറിയാനായാണ് റിസൾട്ട് പുതിയ രീതിയിൽ പുറത്തു വിട്ടിരിക്കുന്നത്. വിദ്യാർഥികളുടെ വ്യക്തിത്വം തിരിച്ചറിയാത്ത രീതിയിലാണ് ഫലം പുറത്തു വിട്ടിരിക്കുന്നത്. ഏതെങ്കിലും നഗരത്തിലെയോ , പരീക്ഷാ കേന്ദ്രത്തിലെയോ വിദ്യാർഥികൾക്ക് അസ്വാഭാവികമായി കൂടുതൽ മാർക്ക് ലഭിച്ചുവെന്ന് കണ്ടെത്തിയാൽ പുനഃപരീക്ഷ നടത്തിയേക്കും.
മേയ് 5ന് നടത്തിയ പരീക്ഷയിൽ 24 ലക്ഷം വിദ്യാർഥികളാണ് പങ്കെടുത്തത്. ഹർജിയിൽ സുപ്രീം കോടതി ജൂലൈ 22ന് വാദം കേൾക്കും.
പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഒരു കൂട്ടം ഹർജിയിലാണ് കോടതി വാദം കേൾക്കുക.