മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ മന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവുമായ നവാബ് മാലിക്കിന് സുപ്രീം കോടതി വെള്ളിയാഴ്ച ഇടക്കാല മെഡിക്കൽ ജാമ്യം അനുവദിച്ചു. രണ്ട് മാസത്തെ മെഡിക്കൽ ജാമ്യമാണ് സുപ്രീംകോടതി അനുവദിച്ചത്.
ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ പാനലാണ് വിധി പുറപ്പെടുവിച്ചത്. ജാമ്യം നൽകിയത് മെഡിക്കൽ കാരണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും, കേസിന്‍റെ മെറിറ്റിന്‍റെ അടിസ്ഥാനത്തിലല്ലെന്നും കോടതി പറഞ്ഞു.
കിഡ്‌നി സംബന്ധമായ അസുഖങ്ങൾക്ക് നവാബ് മാലിക് ചികിത്സയിലാണ്. താൽക്കാലിക മെഡിക്കൽ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി നിരസിച്ചതിനെ ചോദ്യം ചെയ്ത് മാലിക് സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ കോടതിയുടെ ഉത്തരവ്.