ചണ്ഡിഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ എൻഡിഎ നേതാക്കളുടെ സാന്നിധ്യത്തിൽ നായബ് സിങ് സൈനി വീണ്ടും ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സൈനിക്കൊപ്പം മുതിർന്ന നേതാവ് അനിൽ വിജ്, കൃഷൻ ലാൽ പൻവാർ, റാവു നർബീർ സിങ്, ശ്രുതി ചൗധരി, ആരതി സിങ് റാവു, ശ്യാം സിങ് റാണ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു. ദളിത്, ബ്രാഹ്മണ, ജാട്ട് വിഭാഗങ്ങളിൽ നിന്നു രണ്ടു വീതവും ഒബിസിയിൽ നിന്നു നാലും രജ്പുത്ര, പഞ്ചാബി, ബനിയ വിഭാഗങ്ങളിൽ നിന്ന് ഒന്നു വീതവും അംഗങ്ങളെ ഉൾപ്പെടുത്തിയാണു മന്ത്രിസഭ.
പഞ്ച്കുലയിൽ നടന്ന ചടങ്ങിൽ ഗവർണർ ബണ്ഡാരു ദത്താത്രേയ മുൻപാകെയായിരുന്നു സത്യപ്രതിജ്ഞ. ദളിത് വിഭാഗങ്ങൾക്ക് ഏറെ പ്രധാനമായ വാല്മീകി ജയന്തി ദിനമാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് തെരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയം. ചടങ്ങിനു ശേഷം മുഖ്യമന്ത്രി വാല്മീകി ഭവൻ സന്ദർശിച്ചു. തുടർന്ന് ഗുരുദ്വാരയിലും മൻസ ദേവി ക്ഷേത്രത്തിലും ദർശനം നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഹരിയാനയുടെ വികസനം മുന്നോട്ടുകൊണ്ടുപോകുമെന്ന് അദേഹം പറഞ്ഞു. ഹരിയാനയിലെ ജനങ്ങൾ മോദിയുടെ നേതൃത്വത്തിൽ വീണ്ടും വിശ്വാസമർപ്പിച്ചെന്നും പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ 2019ലേതു പോലെ പൂർണമായി നടപ്പാക്കുമെന്നും സൈനി.
കഴിഞ്ഞ മാർച്ചിലാണു മനോഹർ ലാൽ ഖട്ടറിന്‍റെ പിൻഗാമിയായി സൈനി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. സംസ്ഥാനത്ത് പിന്നാക്ക വിഭാഗത്തിൽ ബിജെപിയുടെ മുഖമായ സൈനി, നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അമ്പരപ്പിക്കുന്ന വിജയമാണു സമ്മാനിച്ചത്. സദ്ഭരണത്തിന്‍റെയും പരിചയസമ്പത്തിന്‍റെയും മികച്ച സംഘമാണു സൈനിയുടേതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.