പാഠപുസ്തകത്തിൽ ഇനി ഹാരപ്പ ഇല്ല, പകരം സിന്ധു - സരസ്വതി സംസ്കാരം Representative image
India

പാഠപുസ്തകത്തിൽ ഇനി ഹാരപ്പ ഇല്ല, പകരം സിന്ധു - സരസ്വതി സംസ്കാരം

പാശ്ചാത്യരുടെ ഗ്രീനിച്ച് രേഖയ്ക്കു മുൻപേ സമയം കണക്കാക്കാൻ ഇന്ത്യയ്ക്ക് സ്വന്തം ധ്രുവരേഖയുണ്ടായിരുന്നെന്നതുൾപ്പെടെ തിരുത്തുകളുമായി എൻസിഇആർടി

ന്യൂഡൽഹി: പാശ്ചാത്യരുടെ ഗ്രീനിച്ച് രേഖയ്ക്കു മുൻപേ സമയം കണക്കാക്കാൻ ഇന്ത്യയ്ക്ക് സ്വന്തം ധ്രുവരേഖയുണ്ടായിരുന്നു എന്നതുൾപ്പെടെ തിരുത്തുകളുമായി എൻസിഇആർടിയുടെ പുതിയ പാഠപുസ്തകം. മധ്യപ്രദേശിലെ ഉജ്ജയിൻ നഗരത്തിലൂടെയാണ് ഇതു കടന്നുപോയിരുന്നത്. മധ്യരേഖ എന്നാണ് ഈ രേഖ അറിയപ്പെട്ടിരുന്നതെന്നും ആറാം ക്ലാസിലെ സാമൂഹിക ശാസ്ത്രം പുസ്തകത്തിൽ പറയുന്നു.

ജാതി വിവേചനത്തെക്കുറിച്ചു പരാമർശമില്ലാത്ത പുസ്തകത്തിൽ ബി.ആർ. അംബേദ്കർ നേരിട്ട വിവേചനത്തെക്കുറിച്ചും പറയുന്നില്ല. ഹാരപ്പൻ സംസ്കാരത്തെ സിന്ധു - സരസ്വതി സംസ്കാരമെന്നാണു പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്.

നൂറ്റാണ്ടുകളോളം ജ്യോതിശാസ്ത്രത്തിന്‍റെ കേന്ദ്രമായിരുന്നു ഉജ്ജയിൻ. പ്രശസ്ത ജ്യോതിശാസ്ത്രജ്ഞനായ വരാഹമിഹിരൻ 1500 വർഷങ്ങൾക്കു മുൻപ് ഇവിടെ ജീവിച്ചിരുന്നു. അക്ഷാംശ, രേഖാംശ സങ്കൽപ്പത്തെക്കുറിച്ച് ഇന്ത്യൻ ജ്യോതിശാസ്ത്രകാരന്മാർക്കു മുൻപു തന്നെ ബോധ്യമുണ്ടായിരുന്നു. ഇന്ത്യയുടെ എല്ലാ ജ്യോതിശാസ്ത്ര പുസ്തകങ്ങളിലും ഉജ്ജയിൻ രേഖയുടെ അടിസ്ഥാനത്തിലാണ് കണക്കുകൂട്ടലുകൾ നടന്നതെന്നും പുസ്തകം പറയുന്നു.

ഇന്ത്യൻ നാഗരികതയുടെ തുടക്കമെന്ന പാഠഭാഗത്താണ് ഹാരപ്പൻ നാഗരികതയെ ഇൻഡസ് - സരസ്വതി അഥവാ സിന്ധു - സരസ്വതി എന്ന് വിവരിക്കുന്നത്. രാഖിഗഡിയും ഗൺവേരിവാലയുമുൾപ്പെടെ പ്രധാന നഗരങ്ങൾ ഉൾപ്പെടുന്നതായിരുന്നു സരസ്വതീ നദീതടം. ഇന്ത്യയിൽ ഘഗ്ഗർ എന്നും പാക്കിസ്ഥാനിൽ ഹക്ര എന്നും അറിയപ്പെടുന്ന നദിയെ പൊതുവായി ഘഗ്ഗർ - ഹക്ര നദി എന്നാണു വിളിക്കുന്നത്. ഇന്ത്യൻ സമൂഹത്തെയും മുൻകാലത്തെയും പരാമർശിക്കുന്ന പാഠഭാഗത്തിൽ വേദങ്ങളെക്കുറിച്ച് വിശദമായി പറയുന്നു.

ജനനത്തിന്‍റെ അടിസ്ഥാനത്തിൽ മനുഷ്യരെ നാലു ജാതികളായി തിരിച്ചിരുന്നെന്നും സ്ത്രീകൾക്കും ശൂദ്രന്മാർക്കും വേദം പഠിക്കാൻ അവകാശമുണ്ടായിരുന്നില്ലെന്നുമായിരുന്നു മുൻ പുസ്തകത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇവയെല്ലാം പുതിയ പുസ്തകത്തിൽനിന്ന് ഒഴിവാക്കി. പകരം വേദകാലത്തെ ഗ്രന്ഥങ്ങളിൽ, കൃഷി, നെയ്ത്ത്, മൺപാത്ര നിർമാണം, ഗൃഹനിർമാണം, മരപ്പണി, വൈദ്യം, നൃത്തം, ക്ഷൗരം, വൈദികർ തുടങ്ങി വിവിധ മേഖലകളെക്കുറിച്ചു പരാമർശമുണ്ടെന്നു വിശദീകരിക്കുന്നു.

കൊവിഡ് 19 ലോക്ഡൗണിലെ പാഠ്യപദ്ധതി ക്രമീകരണത്തിന്‍റെ ഭാഗമായി തത്കാലത്തേക്ക് ഒഴിവാക്കിയ പാഠഭാഗങ്ങളാണ് ഇപ്പോൾ പൂർണമായി നീക്കിയത്. പുരാതന ഇന്ത്യയിലെ രാജവംശങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ മുൻപ് വെട്ടിച്ചുരുക്കിയെങ്കിൽ ഇപ്പോഴത് ഒഴിവാക്കി.

അശോകൻ, ചന്ദ്രഗുപ്ത മൗര്യൻ, ചാണക്യനും അർഥശാസ്ത്രവും തുടങ്ങിയവയെ കൂടാതെ ഗുപ്ത, പല്ലവ, ചാലൂക്യ കാലഘട്ടങ്ങളും കാളിദാസനെക്കുറിച്ചുള്ള വിവരണങ്ങളും ആറാം ക്ലാസ് പുസ്തകത്തിൽ നിന്നു നീക്കി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ചാൻസലർ എം.സി. പന്ത് ചെയർമാനായുള്ള 19 അംഗ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പുതിയ പാഠപുസ്തകങ്ങൾക്കു രൂപംകൊടുത്തത്.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ല, പാർട്ടി ധാരാളം ചുമതല നൽകിയിട്ടുണ്ട്; വി. മുരളീധരൻ

കുരുക്കഴിയും; സീപോർട്ട്-എയ൪പോ൪ട്ട് റോഡ് രണ്ടാം ഘട്ട വികസനത്തിന് 18.77 കോടി അനുവദിച്ചു

മഹാരാഷ്ട്രയിൽ 'മുഖ്യമന്ത്രി ചർച്ചകൾ' ഫഡ്നാവിസിലേക്ക്

പുതിയ വൈദ്യുതി കണക്‌ഷൻ അപേക്ഷ ഇനി ഓണ്‍ലൈനില്‍ മാത്രം

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എഐ റിസപ്ഷനിസ്റ്റ്