ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പരമ്പരാഗതമായി കോൺഗ്രസും ജാതി സംവരണത്തിന് എതിരായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിലെ പ്രസംഗത്തിലാണ് ആരോപണം. നെഹ്റു പ്രധാനമന്ത്രിയായിരിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് എഴുതിയ കത്തും ഇതിനു തെളിവായി മോദി ചൂണ്ടിക്കാട്ടി.
''ഒരു തരത്തിലുള്ള സംവരണവും ഞാൻ ഇഷ്ടപ്പെടുന്നില്ല. പ്രത്യേകിച്ച് ജോലിയിൽ. പ്രാപ്തിക്കുറവായിരിക്കും ഇതുവഴി പ്രോത്സാഹിപ്പിക്കപ്പെടുക. രാജ്യത്തെ ശരാശരിയിലേക്കു മാത്രമാണ് ഇതു നയിക്കുക'' എന്ന് കത്തിൽ നെഹ്റു എഴുതിയിരുന്നു എന്നാണ് മോദിയുടെ ആരോപണം.
കോൺഗ്രസ് എക്കാലത്തും സംവരണത്തിന് എതിരായിരുന്നു എന്നതിനു തെളിവാണ് ഈ കത്തെന്ന് മോദി പറഞ്ഞു. പട്ടികജാതി-പട്ടികവർഗ-ഒബിസി വിഭാഗങ്ങൾക്ക് സംവരണം ലഭിച്ചാൽ സർക്കാരിന്‍റെ നിലവാരം ഇടിയുമെന്നായിരുന്നു നെഹ്റുവിന്‍റെ നിലപാടെന്നും മോദി.
ഇപ്പോൾ ഒബിസി പ്രാതിനിധ്യത്തെക്കുറിച്ചാണ് കോൺഗ്രസ് സംസാരിക്കുന്നത്. മുൻപു തന്നെ പിന്നാക്ക വിഭാഗങ്ങളെ ശാക്തീകരിക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ സാഹചര്യം ഇത്ര മോശമാകില്ലായിരുന്നു- പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ വലിയ കമ്പനികളും ആശുപത്രികളിലും സ്കൂളുകളിലും കോളെജുകളിലും കോടതികളിലും പട്ടികജാതി-പട്ടികവർഗ-ഒബിസി വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യമില്ല എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുള്ള പരോക്ഷ മറുപടിയായാണ് മോദിയുടെ ആരോപണം.