ഭോപ്പാൽ: പതിനാറാം മധ്യപ്രദേശ് നിയമസഭയുടെ ആദ്യ സമ്മേളനം വിവാദത്തിൽ. നിയമസഭാ മന്ദിരത്തിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപമുള്ള മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ ചിത്രം മാറ്റി പകരം ബി.ആർ. അംബേദ്കറിന്‍റെ ചിത്രം സ്ഥാപിച്ചതോടെ വലിയ പ്രതിഷേധങ്ങൾക്കാണ് നിയമസഭാ മന്ദിരം സാക്ഷ്യം വഹിച്ചത്. സർക്കാർ നടപടിയെ ശക്തമായി എതിർത്ത കോൺഗ്രസ് എംഎൽഎമാർ നെഹ്റുവിന്‍റെ ചിത്രം പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം താങ്ങളത് ചെയ്യുമെന്നും അവർ മുന്നറിയിപ്പു നൽകി.
പുതിയ അംഗങ്ങളെ സ്വാഗതം ചെയ്ത പ്രോ ടേം സ്പീക്കര്‍ ഗോപാല്‍ ഭാര്‍ഗവ, കോണ്‍ഗ്രസ് നേതാവ് ഉമങ് സിങ്ഹര്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ നരേന്ദ്രസിങ് തോമറിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി നാമനിര്‍ദേശം ചെയ്തു.