ന്യൂഡൽഹി: ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ന്യൂസ് ക്ലിക്ക് ഓൺലൈൻ മാധ്യമത്തിനെതിരായ കേസിൽ യുഎസ് വ്യവസായി നെവിൽ റോയി സിംഗത്തെ ചോദ്യം ചെയ്യാൻ ഇഡി. ഷാങ്ഹായ് കേന്ദ്രീകരിച്ചാണ് നെവിൽ റോയ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രാലയം വഴി ചൈനീസ് സർക്കാരിലേക്കാണ് ഇഡി നോട്ടീസയച്ചത്.
അതേസമയം, തനിക്ക് ന്യൂസ് ക്ലിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ചൂണ്ടിക്കാട്ടി നെവിൽ റോയ് രംഗത്തെത്തിയിരുന്നു. താൻ ചൈനീസ് സർക്കാരിൽ നിന്നോ ചൈനീസ് ഏജൻസികളിൽ നിന്നോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിൽ നിന്നോ പണം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തനിക്ക് ഒരു നിരോധിത സംഘടനയുമായും ബന്ധമില്ലെന്നും 2000 മുതൽ ഇന്ത്യയുമായി ബിസിനസ് ബന്ധം പുലർത്തുന്നുണ്ടെന്നും നെവിൽ റോയ് കൂട്ടിച്ചേർത്തു.
കേസിൽ നിലവിൽ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകയസ്ഥയും അഡ്മിനിസ്ട്രറ്റീവ് ഓഫീസർ അമിത് ചക്രവർത്തിയും ഇഡിയുടെ കസ്റ്റഡിയിലാണ്.