ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ ജയിലുകളില്‍ തടവിൽ കഴിയുന്ന ഗൂണ്ടകളെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയുന്ന 12ഓളം വരുന്ന കൊടും കുറ്റവാളികളടക്കമുള്ളവരെ മാറ്റണമെന്നാണ് എൻഐഎയുടെ കത്തിലെ ആവശ്യം.
ഗുണ്ടകള്‍ ജയിലിനകത്ത് നിന്നു പുറത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ആൻഡമാനിലേക്കു മാറ്റിയാൽ ഇവരുടെ എല്ലാ സ്വാധീനവും തടയാമെന്നതാണ് എൻഐഎയുടെ ആവശ്യത്തിനു പിന്നിൽ. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ കേന്ദ്രഭരണ പ്രദേശമായതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ആവശ്യമായ അനുമതി ആവശ്യമില്ല. ഇത് രണ്ടാം തവണയാണ് എന്‍ ഐ എ ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് ഏകാന്ത തടവിനു ശിക്ഷിക്കപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനികൾ അടക്കമുള്ളവരെ ആൻഡമാനിലെ സെല്ലുലാർ ജയിലുകളിലേക്ക് അയച്ചിരുന്നു.