സവിശേഷ അധികാരമില്ല; ഒമറിനെ കാത്തിരിക്കുന്നത് വെല്ലുവിളി 
India

സവിശേഷ അധികാരമില്ല; ഒമറിനെ കാത്തിരിക്കുന്നത് വെല്ലുവിളി

നിലവില്‍ ഡല്‍ഹിയിലേതിനു സമാനമാണു ജമ്മു കശ്മീരിന്‍റെ ഭരണം

ശ്രീനഗർ: ഏതാനും വർഷം മുൻപ് രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത അധികാരങ്ങളോടെ ജമ്മു കശ്മീർ ഭരിച്ച മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്കും നാഷണൽ കോൺഫറൻസിനും ഇനി ലഭിക്കുക കേന്ദ്ര സർക്കാരിന്‍റെ കടിഞ്ഞാണുള്ള സർക്കാരിനെ. രാജ്യസുരക്ഷയിൽ സുപ്രധാനമായ സംസ്ഥാനത്ത് സുരക്ഷയുൾപ്പെടെ സുപ്രധാന വിഷയങ്ങളിലെല്ലാം തീരുമാനമെടുക്കുന്നത് കേന്ദ്ര സർക്കാരും ലെഫ്റ്റനന്‍റ് ഗവർണറുമായിരിക്കും. ഫണ്ട് വിനിയോഗത്തിലുൾപ്പെടെ മുൻപുണ്ടായിരുന്ന സ്വാതന്ത്ര്യം പുതിയ സർക്കാരിനുണ്ടാവില്ല.

2019ൽ ഭരണഘടനയുടെ 370ാം അനുച്ഛേദ പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കിയതോടെയാണു ജമ്മു കശ്മീരിന്‍റെ സവിശേഷ അധികാരങ്ങൾ ഇല്ലാതായത്. ലഡാഖിനെ നിയമസഭയില്ലാത്തതും ജമ്മു കശ്മീരിനെ നിയമസഭയുള്ളതുമായ കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തിരുന്നു കേന്ദ്രം. ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി തെരഞ്ഞെടുപ്പിനുശേഷം തിരികെ നൽകുമെന്നാണു കേന്ദ്രം പ്രഖ്യാപിച്ചത്. എന്നാൽ, വിട്ടുകൊടുക്കുന്ന അധികാരം ഏതുവരെയെന്നാണ് ഇനി കാണാനിരിക്കുന്നത്.

നിലവില്‍ ഡല്‍ഹിയിലേതിനു സമാനമാണു ജമ്മു കശ്മീരിന്‍റെ ഭരണം. പ്രധാന വകുപ്പുകളും തീരുമാനങ്ങളും ലെഫ്റ്റനന്‍റ് ഗവർണർക്കു കീഴിലാണ്. സുപ്രധാനമായ നയതീരുമാനങ്ങൾ, വന്‍കിട പദ്ധതികളുടെ നടപ്പാക്കൽ തുടങ്ങിയവയിലെല്ലാം കേന്ദ്രത്തിന്‍റെ അനുമതി വേണം. സുരക്ഷാ കാര്യങ്ങളിലും കേന്ദ്ര തീരുമാനമായിരിക്കും അന്തിമം. 2019ലെ കശ്മീര്‍ പുനഃസംഘടന നിയമ പ്രകാരം വിദ്യാഭ്യാസം, വിവാഹം, നികുതി, സ്വത്ത് കൈമാറ്റം, വനം, ട്രെയ്ഡ് യൂണിയനുകള്‍, തൊഴിലാളി ക്ഷേമം, സന്നദ്ധ സേവന സംഘടനകള്‍, വ്യാപാരം എന്നിവയും ലെഫ്റ്റനന്‍റ് ഗവർണറുടെ കീഴിലാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുൻപ് ലെഫ്റ്റനന്‍റ് ഗവർണറുടെ അധികാരം വിപുലമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം പൊലീസ്, ക്രമസമാധാനം, അഖിലേന്ത്യ സര്‍വീസസ്, സ്ഥലം മാറ്റം, നിയമനം തുടങ്ങിയവയും ലെഫ്. ഗവർണർക്കു കീഴിലായി.

നേരത്തേ, ഡൽഹിയിൽ ജീവനക്കാരുടെ നിയമനം ലെഫ്റ്റനന്‍റ് ഗവർണർക്കു കീഴിലാക്കിയത് എഎപി സർക്കാരിന്‍റെ ഹർജിയിൽ സുപ്രീം കോടതി റദ്ദാക്കിയപ്പോൾ പുതിയ നിയമം കൊണ്ടുവന്നാണു കേന്ദ്രം മറികടന്നത്. ഇതേനിയമമാണ് ജമ്മു കശ്മീരിലും ബാധകമാക്കിയത്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ആരോഗ്യം, ആശുപത്രി, മദ്യ വില്‍പ്പന, റോഡുകളുടെയും പാലങ്ങളുടെയും നിർമാണം, കൃഷി, ജലസേചനം, ഖനി, വ്യവസായം, എംഎല്‍എമാരുടെ ശമ്പളം, ഭൂനികുതി, ടോള്‍, തൊഴില്‍-ആഡംബര നികുതി തുടങ്ങിയവ നിയമസഭയുടെ പരിധിയിൽ വരും.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?