ഇസ്ലാമാബാദ്: പാക് അധിനിവേശ കശ്മീരിലെ സംഘർഷത്തിനിടെ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറു കണക്കിന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. വിലക്കയറ്റവും വൈദ്യുതി ക്ഷാമവും മൂലം പൊറുതി മുട്ടിയ ജനങ്ങൾ തെരുവിലിറങ്ങുകയായിരുന്നു. ശനിയാഴ്ച മുതൽ ആരംഭിച്ച പ്രതിഷേധത്തിൽ പല പ്രദേശങ്ങളിലും വലിയ ഗതാഗതപ്രശ്നമാണ് അനുഭവപ്പെടുന്നത്. ഇസ്ലാംഗറിലുണ്ടായ സംഘർഷത്തിനിടെ വെടിയേറ്റ സബ് ഇൻസ്പെക്റ്റർ അഡ്നാൻ ഖുറേഷി മരണപ്പെട്ടതായി മിർപുർ സീനിയർ പൊലീസ് സൂപ്രണ്ടന്‍റ് കമ്രാൻ അലി സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മു കശ്മിർ ജോയിന്‍റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (ജെഎഎസി) നേതൃത്വത്തിൽ കോട്ട്ലി വഴി മുസാഫർബാദിലേക്ക് നടത്തിയ റാലി നിയന്ത്രിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഗോതമ്പ് പൊടിയുടെയും വൈദ്യുതിയുടെയും വില വർധിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.
ബീംബർ, ബാഗ് ടൗൺ എന്നിവ അടക്കമുള്ള പാക് അധിനിവേശ പ്രശ്നങ്ങൾ പ്രശ്നം രൂക്ഷമാണ്. മേഖലയിൽ ഇന്‍റർനെറ്റ്, മൊബൈൽ സേവനങ്ങൾ താത്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. മുസാഫറാബാദ് അടക്കമുള്ള വിവിധ പ്രദേശങ്ങളിൽ പൊലീസും പ്രതിഷേധകാരികളും പരസ്പരം ഏറ്റുമുട്ടി.
ബുധനാഴ്ച മുതൽ ഇതു വരെ ജെഎഎസി യുടെ 70 പ്രവർത്തകരാണ് വിവിധയിടങ്ങളിൽ നിന്നായി അറസ്റ്റിലായിരിക്കുന്നത്.