തിരുപ്പതി: ആന്ധ്ര പ്രദേശ് ഭരണ സംവിധാനങ്ങളിലെ ശുദ്ധീകരണം തിരുപ്പതി- തിരുമല ദേവസ്വത്തിൽ നിന്നു തുടങ്ങുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. തിരുമലയെ കളങ്കപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. ഗോവിന്ദ നാമം ചൊല്ലുന്നവർ മാത്രമേ ഇനി തിരുമലയിലുണ്ടാകൂ എന്നും അദ്ദേഹം.
മുഖ്യമന്ത്രിയായി ചുമതലയേറ്റ നായിഡു കുടുംബസമേതം തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്‍റെ കാലത്ത് തിരുപ്പതി ക്ഷേത്ര ഭരണത്തിലുൾപ്പെടെ അഴിമതിയുണ്ടായി എന്ന് ടിഡിപി ആരോപിച്ചിരുന്നു. ടിടിഡിയുടെ ചെയർമാനായി ജഗൻമോഹൻ നിയമിച്ച കരുണാകര റെഡ്ഡി ക്രൈസ്തവ വിശ്വാസിയാണെന്ന് ബിജെപിയും ടിഡിപിയും ആക്ഷേപമുയർത്തിയിരുന്നു.
ക്ഷേത്രത്തിലെ പ്രസാദം നിലവാരമുള്ളതാക്കും. ദർശനത്തിനുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ല. അതു കരിഞ്ചന്തയിൽ വിൽക്കുന്നത് തടയും. ക്ഷേത്ര ഭൂമി ലഹരിമരുന്നിന്‍റെയും മദ്യത്തിന്‍റെയും മാംസാഹാരത്തിന്‍റെയും കേന്ദ്രമാക്കി മാറ്റിയിരുന്നു കഴിഞ്ഞ സർക്കാരെന്നും നായിഡു കുറ്റപ്പെടുത്തി.