India

അടുത്ത തെരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടാൻ പ്രതിപക്ഷ പാർട്ടികൾ

പറ്റ്നയിലെ യോഗത്തിൽ സമവായമില്ലെന്ന് എഎപി, അടുത്ത യോഗത്തിൽ തെരഞ്ഞെടുപ്പ് അജൻഡ നിശ്ചയിക്കുമെന്ന് ഖാർഗെ

പറ്റ്ന: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ചു നേരിടുമെന്ന പ്രഖ്യാപനവുമായി ബിഹാറിലെ പറ്റ്നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം. അടുത്ത യോഗം ജൂലൈയിൽ ഹിമാചൽ പ്രദേശിലെ ഷിംലയിൽ നടത്താനും തീരുമാനമായി.

അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യോഗം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ ആഭിമുഖ്യത്തിലാണ് പറ്റ്നയിൽ യോഗം ചേർന്നത്.‌

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി പ്രസിഡന്‍റ് ശരദ് പവാർ തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം, ഡൽഹിയുടെ നിയന്ത്രണം കൈയടക്കാനുള്ള കേന്ദ്ര സർക്കാർ ഓർഡിനൻസിന്‍റെ കാര്യത്തിൽ കോൺഗ്രസ് ഇതുവരെ നിലപാടെടുത്തിട്ടില്ലെന്നും, ഇത്തരത്തിലുള്ള പല കാര്യങ്ങളിലും സമവായം രൂപീകരിക്കാനുണ്ടെന്നും എഎപി പ്രതികരിച്ചു. രാജ്യസഭയിൽ പ്രാതിനിധ്യമുള്ള പ്രതിപക്ഷ പാർട്ടികളിൽ കോൺഗ്രസ് ഒഴികെ 11 പാർട്ടികളും ഓർഡിനൻസിനെതിരേ നിലപാടെടുത്തു. എല്ലാ കാര്യങ്ങളിലും നിലപാട് സ്വീകരിക്കാറുള്ള കോൺഗ്രസ് ഈ വിഷയത്തിൽ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും എഎപി. പ്രതിപക്ഷ പാർട്ടി നേതാക്കൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ പങ്കെടുത്തതുമില്ല.

അതേസമയം, ചരിത്രത്തിനു തുടക്കം കുറിക്കുന്നത് പറ്റ്നയിൽ വച്ചാണെന്ന് മമത ബാനർജി യോഗത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു. ഷിംലയിൽ ചേരുന്ന അടുത്ത യോഗത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടുന്നതിനുള്ള അജൻഡ നിശ്ചയിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് നിതീഷ് കുമാറും പ്രഖ്യാപിച്ചു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?