ഇന്ത്യൻ അതിർത്തിയിലേക്ക് ഭീകരരെ നയിച്ച് പാക് സൈന്യം 
India

ഇന്ത്യൻ അതിർത്തിയിലേക്ക് ഭീകരരെ നയിച്ച് പാക് സൈന്യം

പാക് അധീന കശ്മീരിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവന്നു, സായുധ ഭീകരർ പഠാണികളുടെ വേഷത്തിൽ

ന്യൂഡൽഹി: പഠാണികളുടെ വേഷം ധരിച്ച സായുധ ഭീകരരെ ഇന്ത്യയിലേക്കു കടത്തിവിടാൻ അതിർത്തിയിലേക്കു കൊണ്ടുപോകുന്ന പാക്കിസ്ഥാൻ പട്ടാളത്തിന്‍റെ ചിത്രങ്ങൾ പുറത്ത്. പാക് അധീന കശ്മീരിലെ കോട്‌ലിയിലും സമീപ പ്രദേശങ്ങളിലും നിന്നുള്ള ചിത്രങ്ങൾ ഒരു ദേശീയ ചാനലാണു പുറത്തുവിട്ടത്. ജമ്മുവിൽ 55 ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരരെ നയിച്ചുകൊണ്ട് പാക് സൈനികർ അതിർത്തിയിലേക്കു നീങ്ങുന്ന ചിത്രങ്ങൾ പുറത്തായത്. നേരത്തേ, ഭീകരർക്ക് പാക് സൈനികർ പരിശീലനം നൽകുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ഇപ്പോഴത്തെ ചിത്രങ്ങളിൽ പാക് സേനയുടെ ഭാഗമായ സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് കമാൻഡോകളെയും കാണാം. അന്താരാഷ്‌ട്ര അതിർത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിനാണു പാക്കിസ്ഥാന്‍റെ ശ്രമമെന്നു സേനാവൃത്തങ്ങൾ. അതിർത്തിയിൽ കാവൽ നിൽക്കുന്ന പാക് സേനാ വിഭാഗമായ പാക്കിസ്ഥാനി റേഞ്ചേഴ്സിന്‍റെ സഹായത്തോടെയാണ് സിയാൽക്കോട്ടിലൂടെ ഭീകരരെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നീക്കം. പഞ്ചാബോ ജമ്മുവോ ആണ് ഇവരുടെ ലക്ഷ്യമെന്നും സൈന്യം.

സാംബയിൽ നിന്നു ഹിരാനഗർ വഴി കഠുവയിലേക്കാണ് ഇവരെത്തുന്നത്. തുടർന്ന് മച്ചെഡി, ബനി വഴി കശ്മീരിലെ ബസന്ത്ഗഡിലും തത്രിയിലുമെത്തും. ഇവരുടെ യാത്രാവഴികൾ സംബന്ധിച്ച് കൃത്യമായ വിവരം സൈന്യത്തിനു ലഭിച്ചെന്നാണു സൂചന. ഈ റൂട്ടിൽ ഭീകരരെ പ്രതിരോധിക്കാൻ "ഓപ്പറേഷൻ സർപ്പ് വിനാശ്' എന്ന പേരിൽ സൈന്യം പ്രത്യേക നടപടി തുടങ്ങി.

ഒന്നര മാസത്തിനിടെ ജമ്മുവിൽ നിരവധി ജവാന്മാർക്ക് ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടമായിരുന്നു. ഇന്ത്യയിൽ നിന്നു പാക്കിസ്ഥാനിലേക്കും തിരിച്ചും ഒഴുകുന്ന നിരവധി നദികളും തോടുകളുമുണ്ട് ജമ്മുവിൽ. വർഷകാലത്ത് നിറഞ്ഞൊഴുകുന്ന ഈ അരുവികളും ദുഷ്കരമായ മലകളുമൊക്കെയാണ് നുഴഞ്ഞുകയറ്റക്കാർക്ക് അവസരമൊരുക്കുന്നത്.

ശീതകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെ 16 സുപ്രധാന ബില്ലുകൾ അജൻഡയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്

ചേലക്കരയിലേത് സർക്കാർ വിലയിരുത്തലെന്ന് കോൺഗ്രസ് പറഞ്ഞു, എന്നിട്ട് എന്തായി?

പെരുമ്പാവൂരിൽ അനാശാസ്യകേന്ദ്രത്തിൽ റെയ്ഡ്; 3 പേർ അറസ്റ്റിൽ

നടതുറന്നിട്ട് 9 ദിവസം; റെക്കോഡിട്ട് തീർഥാടകരുടെ എണ്ണവും വരുമാനവും