ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ അതിർത്തിക്കപ്പുറത്തുനിന്ന് പാക്കിസ്ഥാൻ സൈന്യത്തിന്‍റെ സഹായത്തോടെ ഭീകരാക്രമണത്തിനു ശ്രമം. ഇന്ത്യൻ സൈന്യം ഇത് ഫലപ്രദമായി ചെറുത്തു. ഒരു പാക് പൗരൻ ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെടുകയും ചെയ്തു.
പാക്കിസ്ഥാന്‍റെ ബോർഡർ ആക്ഷൻ ടീം (BAT) ആണ് കുപ്‌വാരയിലെ കാമകാരി സെക്റ്ററിൽ ആക്രമണത്തിനു ശ്രമം നടത്തിയത്. ഭീകരവാദികളുടെ വലിയൊരു സംഘത്തിനു പാക് സൈനിക വിഭാഗം നേരിട്ട് നേതൃത്വം നൽകുകയായിരുന്നു. പാക് സൈന്യം ഭീകരരെ ഇന്ത്യൻ അതിർത്തിയിലേക്കു നയിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നതാണ്.
ഇന്ത്യൻ അതിർത്തിയിലേക്കു നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് പൗരനാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. അഞ്ച് പേർക്ക് നടപടിക്കിടെ പരുക്കേറ്റിട്ടുണ്ട്.
ഒന്നര മാസത്തിനിടെ ജമ്മുവിൽ നിരവധി ജവാന്മാർക്ക് ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടമായിരുന്നു. ഇന്ത്യയിൽ നിന്നു പാക്കിസ്ഥാനിലേക്കും തിരിച്ചും ഒഴുകുന്ന നിരവധി നദികളും തോടുകളുമുണ്ട് ജമ്മുവിൽ. വർഷകാലത്ത് നിറഞ്ഞൊഴുകുന്ന ഈ അരുവികളും ദുഷ്കരമായ മലകളുമൊക്കെയാണ് നുഴഞ്ഞുകയറ്റക്കാർക്ക് അവസരമൊരുക്കുന്നത്.