ന്യൂഡൽഹി: ഏക സിവിൽ നിയമത്തിനു (യുസിസി) കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കിയതിനു പിന്നാലെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു തീയതി പ്രഖ്യാപിച്ചു. ഈ മാസം 20 മുതൽ ഓഗസ്റ്റ് 11 വരെയാണു സമ്മേളനമെന്നു പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. സമ്മേളനം ക്രിയാത്മകമാക്കാൻ എല്ലാ കക്ഷികളും സഹകരിക്കണമെന്നും അദ്ദേഹം.
23 ദിവസം നീളുന്ന സമ്മേളനത്തിൽ അവധിദിനങ്ങളൊഴിവാക്കിയാൽ 17 സിറ്റിങ്ങുകളാണുണ്ടാകുക. പഴയ ലോക്സഭാ മന്ദിരത്തിലാകും സമ്മേളനത്തിനു തുടക്കമെന്നാണ് റിപ്പോർട്ട്. പിന്നീട് പുതിയ മന്ദിരത്തിലേക്കു മാറും.
വർഷകാല സമ്മേളനത്തിൽ യുസിസി അവതരിപ്പിക്കുമെന്നു കഴിഞ്ഞദിവസം സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു. യുസിസിക്കായി ഉത്തരാഖണ്ഡ് സർക്കാർ നിയോഗിച്ച സമിതി കഴിഞ്ഞ ദിവസം കരട് പൂർത്തീകരിച്ചിരുന്നു. ഈ കരട് തന്നെയാകും കേന്ദ്ര നിയമത്തിന് ആധാരമാക്കുക. നാളെ ചേരുന്ന പാർലമെന്ററി സമിതി യോഗം ഇതേക്കുറിച്ചു ചർച്ച ചെയ്യും.
യുസിസിക്കു പുറമേ മണിപ്പുർ കലാപം, ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്ര സർക്കാരിന്റെ കീഴിലാക്കിയ ഓർഡിനൻസിനു പകരമുള്ള ബിൽ, നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ബിൽ തുടങ്ങിയവയും ഈ സമ്മേളനത്തിന്റെ പരിഗണനയ്ക്കു വരുമെന്നതിനാൽ സഭയിൽ ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടൽ ഉറപ്പാണ്.
അതേസമയം, യുസിസിയുടെ കാര്യത്തിൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന്റെ നിലപാട് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഏക സിവിൽ നിയമം ബിജെപിയുടെ വിഭജന അജൻഡയാണെന്ന് ആരോപിച്ചെങ്കിലും നിയമത്തെ സഭയിൽ എതിർക്കുമെന്നു കോൺഗ്രസ് പ്രഖ്യാപിച്ചിട്ടില്ല. പാർലമെന്റിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന യോഗത്തിലും അന്തിമ തീരുമാനമുണ്ടായില്ല. നിയമത്തിന്റെ ആദ്യമുണ്ടാകട്ടെയെന്നാണ് യോഗത്തിനുശേഷം ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചത്. അതിനിടെ, നിയമത്തെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ച് മുതിർന്ന നേതാവും ഹിമാചൽ പ്രദേശ് മന്ത്രിയുമായ വിക്രമാദിത്യ സിങ് രംഗത്തെത്തിയത് കോൺഗ്രസിലെ ഭിന്നത വെളിവാക്കി.
കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും വർഗീയ രാഷ്ട്രീയത്തിൽ നിന്നു മാറിനിൽക്കണമെന്നും മനഃസാക്ഷിക്കനുസരിച്ചു പ്രവർത്തിക്കണമെന്നും മുതിർന്ന ബിജെപി നേതാവ് മുഖ്താർ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടു. യുസിസിക്ക് യോജിച്ച സമയമാണിത്. ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ലെന്നതാണ് അവസ്ഥ. യുസിസി എല്ലാവർക്കും തുല്യതയും നീതിയും ഉറപ്പാക്കുമെന്നും നഖ്വി.