ന്യൂഡൽഹി: സുപ്രീംകോടതിയുടെ നിർദേശത്തിനു പിന്നാലെ മാപ്പപേക്ഷയുമായി യോഗ ഗുരു ബാബാ രാംദേവിന്‍റെ പുതിയ പരസ്യം. ഇന്നത്തെ പത്രത്തിലാണ് തഞ്ജലി ഉൽപനങ്ങളുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിച്ച പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനു മാപ്പപേക്ഷ എന്ന പരസ്യം കൂടുതൽ വലുപ്പത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ മാപ്പപേക്ഷ വളരെ ചെറുതായി നൽകിയതിൽ ബാബാ രാംദേവിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാപ്പപേക്ഷയുടെ പരസ്യം വലുതായി വീണ്ടും പ്രസിദ്ധീകരിച്ചത്.
വ്യക്തിപരമായും പതഞ്ജലി ആയുർവേദയുടെ പേരിലുമാണ് മാപ്പ്. തെറ്റ് ഇനി ആവർത്തിക്കില്ലെന്നും മാപ്പപേക്ഷിക്കുന്നതായും ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണനും പരസ്യത്തിൽ പറയുന്നു. കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഹിമ കോഹ്‍ലിക്കും അഹ്സുദ്ദീൻ അമാനുള്ളക്കും മുൻപാകെ 67 പത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചുവെന്നും ഇതിനു 10 ലക്ഷം രൂപ ചെലവായെന്നും രാംദേവ് അറിയിച്ചിരുന്നു. എന്നാൽ
ഉത്പന്നങ്ങളുടെ പരസ്യം നൽകിയ അതേ വലുപ്പത്തിൽ തന്നെ മാപ്പപേക്ഷയും നൽകാത്തതെന്താണെന്നും മാപ്പപേക്ഷ മൈക്രോസ്‌കോപ്പ് വച്ചു നോക്കേണ്ടി വരുമോയെന്നായിരുന്നു സുപ്രീം കോടതി ചോദിച്ചിരുന്നു. പിന്നാലെയാണ് വലുപ്പം വർധിപ്പിച്ച് വീണ്ട് മാപ്പപേക്ഷ പരസ്യവുമായി പതഞ്ജലി രംഗത്തെത്തിയത്.