പവൻ കല്യാൺ, ഉദയനിധി സ്റ്റാലിൻ 
India

''സനാതന ധർമത്തെ തകർക്കാൻ വരുന്നവരെ തുടച്ചുനീക്കും'', ഉദയനിധി സ്റ്റാലിനെ ചൊറിഞ്ഞ് പവൻ കല്യാൺ

ഡെങ്കി, മലേറിയ വൈറസുകളെ പോലെ തുടച്ചുനീക്കപ്പെടേണ്ടതാണ് സനാതന ധർമം എന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ പഴയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് വെല്ലുവിളി

ചെന്നൈ: സനാതന ധർമത്തെ നശിപ്പിക്കാനാവില്ലെന്നും, ആരെങ്കിലും അതിനു ശ്രമിച്ചാൽ അവരെ തുടച്ചുനീക്കുമെന്നും ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ഡെങ്കി, മലേറിയ വൈറസുകളെ പോലെ തുടച്ചുനീക്കപ്പെടേണ്ടതാണ് സനാതന ധർമം എന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍റെ പഴയ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് വെല്ലുവിളി.

പവൻ കല്യാണിന്‍റെ പരാമർശത്തെക്കുറിച്ചു ചോദിച്ച മാധ്യമ പ്രവർത്തകരോട്, ''കാത്തിരുന്നു കാണാം'' എന്നു മാത്രമാണ് ഉദയനിധി മറുപടി പറഞ്ഞത്. മനുഷ്യർക്കിടയിൽ ജാതി വിവേചനവും ലിംഗവിവേചനവും വളർത്തുന്ന സനാതന ധർമത്തെ എതിർത്താൽ പോരാ തകർത്തു കളയണം എന്നായിരുന്നു ഉദയനിധിയുടെ പഴയ പ്രസ്താവന.

പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുൻപുണ്ടായ ഈ പരാമർശം ബിജെപിയും സംഘ പരിവാറും കാര്യമായി തന്നെ ഏറ്റെടുത്തെങ്കിലും തമിഴ്നാട്ടിൽ ഇതുപയോഗിച്ച് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ പാർട്ടിക്കു സാധിച്ചിരുന്നില്ല.

താൻ പറഞ്ഞത് ജാതി വ്യവസ്ഥയ്ക്ക് എതിരേയാണെന്നും, അത് ഇനിയും പറയുമെന്നുമാണ് ഉദയനിധി അന്നു പ്രതികരിച്ചത്.

ഇപ്പോൾ, തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു വിവാദത്തിനു ശേഷം നിരന്തരം സനാതന ധർമത്തെക്കുറിച്ച് ആവർത്തിച്ച് പ്രഖ്യാപനങ്ങൾ നടത്തിവരുകയാണ്, സനാതന ഹിന്ദു എന്നു സ്വയം വിശേഷിപ്പിക്കുന്ന പവൻ കല്യാൺ. ഇപ്പോൾ സ്ഥിരമായി കാവിയുടുത്ത് പൊതുവേദികളിലെത്തുന്ന അദ്ദേഹം പ്രായശ്ചിത്ത ദീക്ഷ സ്വീകരിക്കുകയും, തിരുപ്പതി ക്ഷേത്രത്തിലെ ശുദ്ധിക്രിയകളിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തിരുന്നു.

തിരുപ്പതി‌ വിഷയത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ച സിനിമ നടൻമാരെ പോലും സനാതന ധർമത്തിന്‍റെ പേര് പറഞ്ഞ് അധിക്ഷേപിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. സൂര്യയും കാർത്തിയും ഇതിന്‍റെ പേരിൽ അദ്ദേഹത്തോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

അതേസമയം, സംസ്ഥാനത്തിന്‍റെ ഉപ മുഖ്യമന്ത്രിയായ പവൻ കല്യാൺ പ്രസ്താവനകൽ ഇറക്കി സാമുദായിക സംഘർഷം സൃഷ്ടിക്കുകയല്ല വേണ്ടതെന്നും, സർക്കാർ കാര്യക്ഷമമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരുകയാണു വേണ്ടതെന്നും നടൻ പ്രകാശ് രാജ് പ്രതികരിച്ചിരുന്നു. ഇതിനെയും സനാതന ധർമത്തെ നശിപ്പിക്കാനുള്ള ശ്രമമായാണ് പവൻ കല്യാണ് ചിത്രീകരിക്കാൻ ശ്രമിച്ചത്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും