ന്യൂഡൽഹി: ഇന്ത്യൻ റെയ്ൽവേ പ്രഖ്യാപിച്ച അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഉത്തർപ്രദേശിലെ ഫുൽപുർ സ്റ്റേഷന്റെ മുഖഛായ ആധുനിക സൗകര്യങ്ങളോടെ അടിമുടി മാറുന്നു. രാജ്യവ്യാപകമായി 1,308 സ്റ്റേഷനുകൾ നവീകരിക്കാനും യാത്രക്കാർക്കായി സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പരിഷ്കരിക്കാനുമാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി.
ആദ്യഘട്ടമായി 508 സ്റ്റേഷനുകൾ പുനർവികസിപ്പിക്കുകയാണ്. അതിൽ നോർത്തേൺ റെയ്ൽവേയ്ക്ക് 5 ഡിവിഷനുകളിലായി 71 സ്റ്റേഷനുകൾ അനുവദിച്ചിട്ടുണ്ട്. ലഖ്നൗ ഡിവിഷനു കീഴിലുള്ള ഫുൽപുർ സ്റ്റേഷനാണ് ഇതിലൊന്ന്. 21.34 കോടി രൂപ ബജറ്റിൽ നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തലുകളിൽ മുഖ്യ പ്രവേശന ഏരിയയുടെ നിർമാണം, ഒരു വശത്ത് രണ്ടാമത്തെ എൻട്രി എന്നിവ ഉൾപ്പെടുന്നു. രണ്ടിടത്തും പുതിയ കെട്ടിടം സ്ഥാപിക്കും. പ്രാദേശിക വാസ്തുവിദ്യയുടെ ഘടകങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും മുൻഭാഗവും പോർട്ടിക്കോയും. 12 മീറ്റർ വീതിയുള്ള ഫിക്സ്ഡ് ഓഫ്ഷോർ പ്ലാറ്റ്ഫോമിനെ റൂഫ് പ്ലാസയാക്കി വികസിപ്പിക്കും. സ്റ്റേഷൻ സർക്കുലേഷൻ ഏരിയയിലെ റോഡുകൾ വീതികൂട്ടി പച്ച സ്ട്രിപ്പുകൾ വികസിപ്പിക്കും.
ആശയവിനിമയ വ്യക്തതയ്ക്കായി സ്റ്റാൻഡേർഡ് സൈനേജ്- ഡിസ്പ്ലേ ബോർഡുകൾ, എല്ലാ പ്ലാറ്റ്ഫോമുകളിലും എൽഇഡി ബോർഡുകൾ, ട്രെയ്ൻ ഇൻഫർമേഷൻ ഡിസ്പ്ലേ, കോച്ച് ഗൈഡൻസ് ഡിസ്പ്ലേ, ജിപിഎസ് ക്ലോക്കുകൾ എന്നിവ സ്ഥാപിക്കും. ദിവ്യാംഗർക്ക് പ്രത്യേക സൗകര്യങ്ങളും ഉൾപ്പെടുത്തും. ഫുഡ് പ്ലാസ, കഫ്റ്റീരിയ, റീട്ടെയ്ൽ ഷോപ്പുകൾ, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന കൊമേഴ്സ്യൽ ബ്ലോക്ക്, വെയ്റ്റിങ് റൂമുകൾ, എക്സിക്യൂട്ടീവ് ലോഞ്ച്, "ഒരു സ്റ്റേഷൻ- ഒരു ഉത്പന്നം' പദ്ധതിക്കായി 2 കിയോസ്കുകൾ എന്നിവയാണ് മറ്റു പദ്ധതികൾ.
യുപിയിലെ പ്രയാഗ്രാജ് ജില്ലയിലെ പ്രമുഖ പട്ടണങ്ങളിലൊന്നായ ഫുൽപുർ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്രുവിനെയും വി.പി. സിങ്ങിനെയും വിജയിപ്പിച്ച് ലോകസഭയിലേക്ക് അയച്ച മണ്ഡലമെന്ന നിലയിൽ പ്രശസ്തമാണ്. 1952, 57, 62 തെരഞ്ഞെടുപ്പുകളിൽ നെഹ്രുവാണ് തുടർച്ചയായി വിജയിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് 64ലും 67ലും മണ്ഡലത്തെ പ്രതിനിധാനം ചെയ്തു. എന്നാൽ 1984നു ശേഷം ഈ മണ്ഡലത്തിൽ കോൺഗ്രസ് ജയിച്ചിട്ടേയില്ല.