ചീഫ് ജസ്റ്റിസിന്‍റെ വസതിയിലെ ഗണപതി പൂജയിൽ പങ്കെടുക്കുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 
India

ചീഫ് ജസ്റ്റിസിന്‍റെ വീട്ടിലെ ഗണപതി പൂജയ്ക്ക് പ്രധാനമന്ത്രി; വിവാദം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ വസതിയിലെ ഗണപതി പൂജയിൽ പങ്കെടുത്തതിനെച്ചൊല്ലി ബിജെപിയും പ്രതിപക്ഷവുമായി വാക്പോര്. ശിവസേന (യുബിടി)യും ആർജെഡിയും ഉൾപ്പെടെ കക്ഷികളാണ് എതിർപ്പുമായി രംഗത്തെത്തിയത്. ഭരണഘടനയുടെ സംരക്ഷകനായ ചീഫ് ജസ്റ്റിസിന്‍റെ വസതിയിലെത്തി പ്രധാനമന്ത്രി ആരതി നടത്തുന്നത് ജനങ്ങളിൽ സംശയമുണ്ടാക്കുമെന്ന് ശിവസേനാ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. ശിവസേനാ എംപി പ്രിയങ്ക ചതുർവേദിയും ഇതിനെതിരേ രംഗത്തെത്തി.

ചീഫ് ജസ്റ്റിസിന്‍റെ വസതിയിൽ മോദിയുടെ സന്ദർശനം അസ്വാസ്ഥ്യമുണ്ടാക്കുന്നതാണെന്ന് ആർജെഡി നേതാവ് മനോജ് ഝാ പറഞ്ഞു. ചീഫ് ജസ്റ്റിസിന്‍റെ സ്വാതന്ത്ര്യത്തിലുള്ള എല്ലാ വിശ്വാസവും നഷ്ടമായെന്നാണ് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ആരോപിച്ചത്. സുപ്രീം കോടതി ബാർ അസോസിയേഷൻ ചീഫ് ജസ്റ്റിസിന്‍റെ നടപടിയെ പരസ്യമായി അപലപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

എന്നാൽ, പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ അന്നത്തെ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ പങ്കെടുക്കുന്ന ചിത്രം പുറത്തുവിട്ടാണ് ബിജെപിയുടെ മറുപടി. അന്ന് ഭരണഘടനയിലുള്ള വിശ്വാസവും മതേതരത്വവും തകർന്നില്ലേ എന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനാവാല ചോദിച്ചു. പ്രതിപക്ഷത്തിന്‍റേത് അനാവശ്യ വിമർശനമാണെന്നു സംബിത് പാത്ര പറഞ്ഞു.

യുഎസിൽ ഇന്ത്യാ വിരുദ്ധയായ ഇൽഹാൻ ഒമറിനെ രാഹുൽ ഗാന്ധി സന്ദർശിച്ചതിൽ ഒരു കുഴപ്പവും തോന്നാത്തവർക്കാണ് മോദി, ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ വസതിയിൽ ആരതി നടത്തിയ് പ്രശ്നമായി തോന്നുന്നതെന്നും അദ്ദേഹം.

ബുധനാഴ്ചയാണ് ചീഫ് ജസ്റ്റിസിന്‍റെ വസതിയിൽ ഗണപതി പൂജ നടന്നത്. പ്രധാനമന്ത്രി ആരതി നടത്തുമ്പോൾ ജസ്റ്റിസ് ചന്ദ്രചൂഡും ഭാര്യ കൽപ്പനയും തൊഴുകൈകളോടെ നിൽക്കുന്നതിന്‍റെ ചിത്രം മോദിയും ചീഫ് ജസ്റ്റിസും പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രിയുൾപ്പെടെ നിരവധി പ്രമുഖരെ ചീഫ് ജസ്റ്റിസ് ഗണപതി പൂജയ്ക്ക് ക്ഷണിച്ചിരുന്നു. ആരതി നടത്തിയ ഉടൻ പ്രധാനമന്ത്രി മടങ്ങി.

''സെക്‌സ് മാഫിയയുടെ ഭാഗം, പലർക്കും കാഴ്ചവച്ചു''; നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ യുവതി

ആശ്വാസം...!! 600 അടി താഴ്ചയുളള കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരിയെ രക്ഷിച്ചു | Video

ചന്ദ്രയാന്‍ 4, ശുക്രദൗത്യം, ബഹിരാകാശ നിലയം, ലോഞ്ച് വെഹിക്കിള്‍....; 4 വമ്പന്‍ ബഹിരാകാശ പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചു

സ്വർണവിലയിൽ മൂന്നാം ദിനവും ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 200 രൂപ

കാലടിയിൽ വൻ ലഹരി വേട്ട; 3 അസം സ്വദേശികൾ പിടിയിൽ