തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെത്തി. തിരുവനന്തപുരം വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏര്യയില്‍ വൈകിട്ട് 3.55ന് വിമാനമിറങ്ങിയ പ്രധാനമന്ത്രി വ്യോമസേനയുടെ ഹെലികോട്പറിലാണ് കന്യാകുമാരിയിലേക്ക് പറന്നത്. 4.35ന് കന്യാകുമാരിയിലെത്തിയ പ്രധാനമന്ത്രി ഇനി മൂന്നുദിവസം അവിടെ ഉണ്ടാകും. വിവേകാനന്ദപ്പാറയില്‍ ധ്യാനത്തില്‍ ഇരിക്കാനാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തിയത്.
നിശ്ചയിച്ചതിനെക്കാള്‍ ഒരു മണിക്കൂര്‍ വൈകിയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്നു. കന്യാകുമാരി ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ചശേഷം അദ്ദേഹം കന്യാകുമാരി ദേവീ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
പിന്നീട് ബോട്ടുമാര്‍ഗമാണ് വിവേകാനന്ദപ്പാറയിലെത്തിയത്. കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ ഹെലികോപ്ടറില്‍ പോകാന്‍ തടസ്സമുണ്ടായില്ല. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകള്‍ പ്രധാനമന്ത്രിക്ക് അകമ്പടി സേവിച്ചു.