കോൽക്കത്ത: സന്ദേശ്ഖാലി അതിക്രമങ്ങളുടെ ഇരയും ബാസിർഹട്ടിലെ ബിജെപി സ്ഥാനാർഥിയുമായ രേഖാപത്രയെ നേരിട്ട് വിളിച്ച് പ്രചാരണ തയാറെടുപ്പുകൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രേഖയെ ശക്തിസ്വരൂപ എന്നു വിശേഷിപ്പിച്ച മോദി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സന്ദേശ്ഖാലിയിലെ സ്ത്രീകൾക്ക് പ്രധാനമന്ത്രി ദൈവതുല്യനെന്നായിരുന്നു രേഖയുടെ മറുപടി.
തൃണമൂൽകോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്‍റെയും സംഘത്തിന്‍റെയും അതിക്രമങ്ങൾക്കെതിരേ ആദ്യം രംഗത്തെത്തിയ വീട്ടമ്മയാണു രേഖാപത്ര. പ്രധാനമന്ത്രിയോടുൾപ്പെടെ ഇവ വിശദീകരിക്കാനും മുന്നിലുണ്ടായിരുന്നു അവർ. സന്ദേശ്ഖാലി അതിക്രമങ്ങൾ പശ്ചിമ ബംഗാളിൽ സജീവ ചർച്ചയാക്കി നിലനിർത്താനും പ്രദേശത്തെ സ്ത്രീകൾക്ക് ധൈര്യം നൽകാനുമാണു രേഖയെ സ്ഥാനാർഥിയാക്കിയതെന്നാണു ബിജെപി വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
ഇന്നലെ രേഖയെ വിളിച്ച പ്രധാനമന്ത്രി ബംഗാളിയിലാണു സംസാരം തുടങ്ങിയത്. രേഖ ഏറ്റെടുത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്ന് മോദി പറഞ്ഞു. തങ്ങൾക്കൊപ്പം ശ്രീരാമനുണ്ടെന്ന വിശ്വാസമാണു മോദി നൽകുന്നതെന്ന് രേഖ മറുപടി നൽകി. സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ അനുഗ്രഹം ലഭിച്ചതിനു നന്ദി പറഞ്ഞ മോദി, രേഖയുടെ പുതിയ നിയോഗത്തിൽ നാട്ടുകാരുടെ പ്രതികരണമെങ്ങനെയെന്ന് ആരാഞ്ഞു.
2011 മുതൽ തങ്ങൾ വോട്ട് ചെയ്തിട്ടില്ലെന്നായിരുന്നു രേഖയുടെ വിശദീകരണം. ഇത്തവണ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിലാണ്. ശരിയായ സുരക്ഷയിൽ വോട്ട് ചെയ്യാൻ ആഗ്രഹമുണ്ട്. തന്നെ സ്ഥാനാർഥിയാക്കിയതിനെതിരേ സന്ദേശ്ഖാലിയിൽ ഏതാനും സ്ത്രീകൾ നടത്തിയ പ്രതിഷേധം തൃണമൂലിന്‍റെ നാടകമാണെന്നും അവർ പറഞ്ഞു. തൃണമൂൽ നേതൃത്വത്തിന്‍റെ താളത്തിനു തുള്ളിയതാണ് അവർ. ഇനി അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുതന്നു. ശത്രുതയൊന്നുമില്ല. ഞങ്ങൾ എല്ലാവർക്കും വേണ്ടി പ്രവർത്തിക്കും- രേഖ പറഞ്ഞു.
എതിർത്തവരെക്കുറിച്ചും നല്ലതു പറഞ്ഞ രേഖയെ പ്രശംസിച്ച പ്രധാനമന്ത്രി, അവരെ സ്ഥാനാർഥിയാക്കിയതിലൂടെ ബിജെപി മികച്ച തീരുമാനമാണെടുത്തതെന്നു കൂട്ടിച്ചേർത്തു. താൻ താഴ്ന്ന നിലയിലുള്ള കുടുംബത്തിൽ നിന്നാണു വരുന്നതെന്നു രേഖ പത്ര പറഞ്ഞു. ജീവിക്കാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഭർത്താവിന് ചെന്നൈയിലാണു ജോലി. ഇവിടെത്തന്നെ ജോലി സാധ്യതകളുണ്ടാകണമെന്നാണ് ആഗ്രഹം. അങ്ങനെയെങ്കിൽ ആർക്കും പുറത്തുപോകേണ്ടിവരില്ലല്ലോ- രേഖ പറഞ്ഞു.
ബംഗാൾ ദുർഗാപൂജയുടെ നാടാണെന്നും രേഖാപത്ര ശക്തി സ്വരൂപയാണെന്നും പറഞ്ഞ മോദി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. രാഹുൽ ഗാന്ധി നടത്തിയ " ശക്തി' പരാമർശത്തിനുള്ള മറുപടി കൂടിയാണ് മോദിയുടെ ശക്തി സ്വരൂപ പ്രയോഗം.
തൃണമൂൽ കോൺഗ്രസിന്‍റെ ഹാജി നൂറുൾ ഇസ്‌ലാമാണ് ഇവിടെ എതിരാളി. സിറ്റിങ് എംപിയും നടിയുമായ നുസ്രത്ത് ജഹാനെ ഒഴിവാക്കിയാണ് തൃണമൂൽ, ഹാജി നൂറുൾ ഇസ്‌ലാമിന് സീറ്റ് നൽകിയത്.
ഷാജഹാൻ ഷെയ്ഖ്, കൂട്ടാളികളായ ഷിബു ഹസ്ര, ഉത്തം സർദാർ എന്നിവർ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് രേഖാമൂലം ആദ്യം പരാതി നൽകിയ വീട്ടമ്മയാണ് സന്ദേശ്ഖാലിയിലെ പത്രപാര സ്വദേശി രേഖ പത്ര. രേഖയുടെ പരാതിക്കു ലഭിച്ച മാധ്യമശ്രദ്ധയാണ് പ്രതിപക്ഷ പാർട്ടികൾ പ്രശ്നത്തിലിടപെടുന്നതിനും അതിക്രമം ദേശീയ ശ്രദ്ധയാകർഷിക്കുന്നതിനും വഴിവച്ചത്. ഇതേത്തുടർന്നു കേസെടുത്ത പൊലീസ് ഷിബു ഹസ്രയെയും ഉത്തം സർദാറിനെയും അറസ്റ്റ് ചെയ്തു. പിന്നാലെ ഷാജഹാൻ ഷെയ്ഖ് ഇഡി കസ്റ്റഡിയിലായി.