ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപങ്ങളുടെ ദിവ്യോത്സവമായ ഈ ദിനത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവും ഒത്തുചേരുന്ന ജീവിതം ആശംസിക്കുന്നു, ലക്ഷ്മീദേവിയുടെയും ഗണേശ ഭഗവാന്റെയും അനുഗ്രഹത്താൽ എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അതേസമയം, സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം കൂടിയായ ഇന്ന് 'സ്റ്റാച്യു ഓഫ് യൂണിറ്റി'യിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി ആദരിച്ചു. ഗുജറാത്തിലെ കെവാഡിയയിൽ 'രാഷ്ട്രീയ ഏകതാ ദിവസ്' പരേഡിന് പ്രധാനമന്ത്രി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പരേഡിൽ 9 സംസ്ഥാനങ്ങളിൽ നിന്നുള്ള 16 മാർച്ചിംഗ് സംഘങ്ങൾ, വിവിധ സേനകള്‍, നാഷണല്‍ കേഡറ്റ് കോര്‍പ്സ്, ഒരു യൂണിയൻ ടെറിട്ടറി പൊലീസ്, നാല് കേന്ദ്ര സായുധ പൊലീസ് സേനകൾ, ഒരു മാർച്ചിംഗ് ബാൻഡ് എന്നിവ പങ്കെടുത്തു. ഇന്ത്യന്‍ വ്യോമസേനയുടെ 'സൂര്യ കിരണ്‍' ഫ്‌ലൈപാസ്റ്റ് എന്നിവയും ചടങ്ങിന്‍റെ ഭാഗമായി.
'സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനത്തില്‍, ഞാന്‍ അദ്ദേഹത്തിന് ആദരവ് അര്‍പ്പിക്കുന്നു. രാഷ്ട്രത്തിന്‍റെ ഐക്യവും പരമാധികാരവുമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതത്തിലെ പരമമായ മുന്‍ഗണനകള്‍. അദ്ദേഹത്തിന്‍റെ വ്യക്തിത്വവും പ്രവൃത്തികളും നമ്മുടെ രാജ്യത്തെ ഓരോ തലമുറയെയും പ്രചോദിപ്പിക്കുന്നതാണ്' മോദി എക്‌സില്‍ കുറിച്ചു.