കന്യാകുമാരി: നാൽപ്പത്തഞ്ചു മണിക്കൂർ നീണ്ട ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിക്കു മടങ്ങി. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണു പ്രധാനമന്ത്രിയുടെ ധ്യാനം സമാപിച്ചത്. വിവേകാനന്ദപ്പാറയിൽ നിന്നു മടങ്ങും വഴി തിരുവള്ളുവരുടെ പ്രതിമയ്ക്ക് പുഷ്പഹാരം സമർപ്പിച്ച് വണങ്ങിയാണു പ്രധാനമന്ത്രി മടങ്ങിയത്. വിവേകാനന്ദപ്പാറയിൽ നിന്ന് ബോട്ട് മാർഗം കരയിലെത്തിയ മോദി കന്യാകുമാരിയിലെ ഹെലിപ്പാഡിൽ നിന്ന് പറന്നുയർന്നത് രണ്ടു ഹെലികോപ്റ്ററുകളുടെ അകമ്പടിയോടെയാണ്. 3.55 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. പത്തു മിനിറ്റിനുള്ളിൽ ഡൽഹിക്കുള്ള പ്രത്യേക വിമാനത്തിൽ യാത്രയായി. വ്യക്തിപരമായ സന്ദർശനമായതിനാൽ ഔദ്യോഗിക സ്വീകരണമുണ്ടായില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ച വ്യാഴാഴ്ച വൈകിട്ടാണു മോദി കന്യാകുമാരിയിലെത്തിയത്. ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനത്തിനുശേഷം ബോട്ടിൽ വിവേകാനന്ദപ്പാറയിലെ സ്വാമി വിവേകാനന്ദ സ്മാരകത്തിലെത്തിയ അദ്ദേഹം രണ്ടു ദിവസമായി അവിടെ തങ്ങുകയായിരുന്നു.
കാവി വസ്ത്രവും രുദ്രാക്ഷമാലയും ധരിച്ച് സ്മാരകത്തിലെ ധ്യാനമണ്ഡപത്തിലായിരുന്നു ഏതാണ്ടു മുഴുവൻ സമയവും പ്രധാനമന്ത്രി ചെലവഴിച്ചത്. വെള്ളിയാഴ്ച പുലർച്ചെ സൂര്യോദയം കണ്ട് സൂര്യദേവന് അർഘ്യം സമർപ്പിക്കുന്നതുൾപ്പെടെ ചടങ്ങുകളും പൂർത്തിയാക്കി. രാജ്യത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമാണ് ഒരു പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിൽ താമസിക്കുന്നത്.