പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കുന്നു. 
India

സത്യപ്രതിജ്ഞ: പുതു മോടി, പുതു ചരിത്രം

30 ക്യാബിനറ്റ് മന്ത്രിമാർ, 72 അംഗ മന്ത്രിസഭ, മുതിർന്ന മന്ത്രിമാരെനിലനിർത്തി

ലൈവ് സ്ട്രീമിങ്

സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി

ന്യൂഡൽഹി: രാഷ്‌ട്ര ശിൽപ്പി ജവഹർലാൽ നെഹ്റുവിനു ശേഷം പ്രധാനമന്ത്രി പദത്തിൽ തുടർച്ചയായ മൂന്നാമൂഴം എന്ന ചരിത്രം കുറിച്ച് നരേന്ദ്ര മോദി. രാഷ്‌ട്രത്തലവന്മാർ മുതൽ സാധാരണക്കാരും തൊഴിലാളികളുമുൾപ്പെടെ 8000ലേറെ ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷി നിർത്തി മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ വൈകിട്ട് 7.15ന് രാഷ്‌ട്രപതി ഭവൻ അങ്കണത്തിലായിരുന്നു ചടങ്ങ്.

മോദിക്കു ശേഷം രണ്ടാമനായി രാജ്നാഥ് സിങ്ങാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് അമിത് ഷായും നിതിൻ ഗഡ്കരിയും ജെ.പി. നഡ്ഡയും നിർമല സീതാരാമനും ഉൾപ്പെടെ നേതാക്കൾ സ്ഥാനമേറ്റു. ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമിയാണ് ഘടകകക്ഷികളിൽ നിന്ന് ആദ്യം അധികാരമേറ്റത്.

30 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള അഞ്ചു പേരടക്കം 41 സഹമന്ത്രിമാരുമാണ് ഇന്നലെ സ്ഥാനമേറ്റത്. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറന്നു ചരിത്രം സൃഷ്ടിച്ച സുരേഷ് ഗോപിയും പതിറ്റാണ്ടുകളായി പാർട്ടിയുടെ ന്യൂനപക്ഷ മുഖം ജോർജ് കുര്യനുമാണ് കേരളത്തിൽ നിന്നു മന്ത്രിസഭയിലെത്തിയത്. ഇരുവരും സഹമന്ത്രിമാരാണ്.

നെഹ്റുവിന്‍റെ നേതൃത്വത്തിൽ മൂന്നു തവണയും കോൺഗ്രസ് ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയിരുന്നു. എന്നാൽ, മോദിയുടെ മൂന്നാം സർക്കാരിൽ ബിജെപിക്ക് തനിച്ചു ഭൂരിപക്ഷമില്ല. 11 അംഗങ്ങളാണ് ഘടകകക്ഷികളിൽ നിന്നു സത്യപ്രതിജ്ഞ ചെയ്തത്. ടിഡിപിക്കും ജെഡിയുവിനും നിലവിൽ ഒരു ക്യാബിനറ്റ് മന്ത്രി സ്ഥാനമേ നൽകിയിട്ടുള്ളൂ.

സഖ്യകക്ഷികളെ കൂടുതലായി ആശ്രയിക്കുന്ന സർക്കാരാണെങ്കിലും രണ്ടാം മോദി സർക്കാരിലെ പ്രമുഖരെ നിലനിർത്തിയ പ്രധാനമന്ത്രി നയങ്ങളിലും ശൈലിയിലും മാറ്റമുണ്ടാവില്ലെന്ന സന്ദേശം നൽകി.

സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യുന്നു.

ജോർജ് കുര്യനും സ്ഥാനമേറ്റു

കേന്ദ്ര മന്ത്രിസഭയിൽ കേരളത്തിന്‍റെ രണ്ടാമത്തെ പ്രതിനിധിയായി ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഹമന്ത്രിയായാണ് സ്ഥാനമേറ്റത്. ഇംഗ്ലീഷിലായിരുന്നു സത്യപ്രതിജ്ഞ.

സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യുന്നു

മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിന്‍റെ ആദ്യ പ്രതിനിധിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഹമന്ത്രി സ്ഥാനമാണ് നൽകിയിരിക്കുന്നത്. ദൈവനാമത്തിൽ, ഇംഗ്ലീഷിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്.

വി. സോമണ്ണ

അനുപ്രിയ പട്ടേൽ

നിത്യാനന്ദ റായ്

ചിരാഗ് പസ്വാൻ

9 പുതുമുഖങ്ങൾ

മൂന്നാം മോദി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഒമ്പത് പുതുമുഖങ്ങളെ.

ഡോ. മൻസൂഖ് മാണ്ഡവ്യ

ഹർദീപ് സിങ് പുരി

കിരൺ റിജിജു

ജ്യോതിരാദിത്യ സിന്ധ്യ

മാധവറാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്രമന്ത്രിയായി തുടരും. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ വീഴ്ത്തിയ പാർട്ടി പിളർപ്പിനു നേതൃത്വം നൽകിയാണ് ബിജെപി പാളയത്തിലെത്തിയത്.

അശ്വനി വൈഷ്ണവ്

ഗിരിരാജ് സിങ്

ജുവൽ ഓറം

പ്രഹ്ളാദ് ജോഷി

കെ. രാംമോഹൻ നായിഡു 

മുൻ കേന്ദ്രമന്ത്രി യേരൻ നായിഡുവിന്‍റെ മകൻ. ശ്രീകാകുളത്തുനിന്നുള്ള ലോക്‌സഭാംഗം. 36 വയസ് മാത്രം.

ഡോ. വീരേന്ദ്ര കുമാർ

സർവാനന്ദ് സോനോവാൾ

രാജീവ് രഞ്ജൻ സിങ്

ജിതൻ റാം മാഞ്ചി

ധർമേന്ദ്ര പ്രധാൻ

പിയൂഷ് ഗോയൽ

ബിജെപിയുടെ രാജ്യസഭാ കക്ഷി നേതാവ്. മുൻ മന്ത്രിസഭയിലും അംഗം. വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്ന ദീപ്തി ഗോയലിന്‍റെ മകനാണ്.

എച്ച്.ഡി. കുമാരസ്വാമി

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മകനും, കർണാടക മുൻ മുഖ്യമന്ത്രിയും, ജെഡിഎസ് പ്രതിനിധിയുമാണ്. ഘടകക്ഷി മന്ത്രിമാരിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്യുന്നത് കുമാരസ്വാമിയാണ്.

മനോഹർലാൽ ഖട്ടർ

ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ കേന്ദ്ര മന്ത്രിസഭയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷനാണ്.

എസ്. ജയ്‌ശങ്കർ

വിദേശകാര്യ മന്ത്രിയായിരുന്ന സുബ്രഹ്മണ്യം ജയ്‌ശങ്കർ പുതിയ മന്ത്രിസഭയിലും അംഗം. ഐഎഫ്എസിൽനിന്നാണ് രാഷ്‌ട്രീയത്തിലെത്തുന്നത്. നയതന്ത്രജ്ഞൻ എന്ന നിലയിൽ ശ്രദ്ധേയ പ്രവർത്തനം, ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്യസഭാംഗമാണ്.

നിർമല സീതാരാമൻ

ഇത്തവണത്തെ മന്ത്രിസഭയിൽ ആദ്യ വനിതാ സാന്നിധ്യമായി നിർമല സീതാരാമൻ സത്യപ്രതിജ്ഞ ചെയ്യുന്നു. രണ്ടാം മോദി മന്ത്രിസഭയിൽ ധന മന്ത്രിയായിരുന്നു. മോദിയുടെ ആദ്യ മന്ത്രിസഭയിൽ ആദ്യം സഹമന്ത്രിയും പിന്നീട് പ്രതിരോധ മന്ത്രിയുമായിരുന്നു.

ശിവരാജ് സിങ് ചൗഹാൻ

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സത്യപ്രതിജ്ഞ ചെയ്യുന്നു. നാലു തവണയായി 18 വർഷമാണ് മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. ഇക്കുറി വിദിശയിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എട്ടു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ.

ജെ.പി. നദ്ദ

ബിജെപി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.

നിതിൻ ഗഡ്‌കരി

പത്തു വർഷമായി ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായി തുടരുന്ന നിതിൻ ഗഡ്‌കരി പുതിയ മന്ത്രിസഭയിലും. നാലാമനായാണ് സത്യപ്രതിജ്ഞ. ബിജെപിയുടെ മുൻ ദേശീയ അധ്യക്ഷനാണ്.

അമിത് ഷാ

മുൻ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി അമിത് ഷാ പുതിയ മന്ത്രിസഭയിലും സത്യപ്രതിജ്ഞ ചെയ്യുന്നു. മൂന്നാമനായാണ് സത്യപ്രതിജ്ഞ. ഗാന്ധിനഗറിൽ നിന്നുള്ള ലോക്‌സഭാംഗം.

രാജ്‌നാഥ് സിങ്

പ്രധാനമന്ത്രിക്കു പിന്നാലെ രാജ്‌നാഥ് സിങ് സത്യപ്രതിജ്ഞ ചെയ്യുന്നു. കാലാവധി പൂർത്തിയാക്കിയ മന്ത്രിസഭയിൽ പ്രതിരോധ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയാണ്. ലഖ്നൗവിൽ നിന്ന് ലോക്‌സഭയിലെത്തി. ബിജെപിയുടെ മുൻ ദേശീയ അധ്യക്ഷൻ കൂടിയാണ്.

പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നു

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യവാചകം ചൊല്ലി അധികാരമേറ്റു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ.

ചടങ്ങുകൾക്ക് തുടക്കം

സത്യപ്രതിജ്ഞാ ചടങ്ങിന് രാഷ്‌ട്രപതി ഭവനിൽ ദേശീയ ഗാനത്തോടെ തുടക്കം.

രാഷ്‌ട്രപതി എത്തി

പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കാൻ രാഷ്‌ട്രപതി ദ്രൗപദി മുർമു എത്തിച്ചേർന്നു.

നദ്ദയും മന്ത്രിയാകും

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയും മന്ത്രിസഭയിലേക്ക്. ഇതോടെ അദ്ദേഹം പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയും. പകരം പാർട്ടി പ്രസിഡന്‍റാകുമെന്നു കരുതപ്പെട്ട മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ തയാറെടുക്കുന്നു.

ഉപരാഷ്‌ട്രപതി എത്തി

സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ ജഗ്‌ദീപ് ധൻകർ എത്തി. രാഷ്‌ട്രപതി ദ്രൗപദി മുർമു എത്തുന്നതോടെ ചടങ്ങുകൾക്ക് ഔപചാരിക തുടക്കമാകും.

നിയുക്ത മന്ത്രിമാർ വേദിയിൽ

നരേന്ദ്ര മോദി ഉൾപ്പെടെ നിയുക്ത മന്ത്രിസഭയിലെ അംഗങ്ങൾ വേദിയിൽ. സത്യപ്രതിജ്ഞ ഉടൻ

താര സമ്പന്നം

രജനികാന്ത്, അക്ഷയ് കുമാർ തുടങ്ങി നിരവധി സിനിമാ താരങ്ങളും ചടങ്ങിനെത്തിയിട്ടുണ്ട്.

രാഷ്‌ട്ര നേതാക്കൾ എത്തി

ചൈനയും പാക്കിസ്ഥാനും ഒഴികെയുള്ള എല്ലാ അയൽ രാജ്യങ്ങളുടെ രാഷ്‌ട്ര നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നു. മാലി ദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സുവും ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്നിട്ടുണ്ട്.

ഖാർഗെ പങ്കെടുക്കും

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സത്യപ്രതിജ്ഞാ ചടങ്ങിൽ ക്ഷണം സ്വീകരിച്ച് പങ്കെടുക്കുന്നു. ജനാധിപത്യപരമായ ഉത്തരവാദിത്വം എന്ന നിലയിലാണ് താൻ പങ്കെടുക്കുന്നതെന്ന് ഖാർഗെ.

രാജീവ് ചന്ദ്രശേഖറിന് അതൃപ്തി

കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിന്‍റെ അതൃപ്തി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ സമൂഹ മാധ്യമത്തിലൂടെ പരസ്യപ്പെടുത്തി. തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിച്ചു തോറ്റെങ്കിലും, രാജ്യസഭാംഗമായി മന്ത്രിസഭയിലെത്താം എന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് സൂചന. എന്നാൽ, കേരളത്തിൽ നിന്ന് ലോക്‌സഭാംഗമായി സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെടുകയും, ന്യൂനപക്ഷ പ്രതിനിധി എന്ന നിലയിൽ ജോർജ് കുര്യന് നറുക്ക് വീഴുകയും ചെയ്തതോടെ രാജീവ് ചന്ദ്രശേഖറിന് കേന്ദ്ര മന്ത്രിസഭയിൽ ഇടമുണ്ടാകില്ലെന്ന് ഉറപ്പായി. ഇതോടെ, പൊതു പ്രവർത്തനം അവസാനിപ്പിക്കാനാണ് അദ്ദേഹം ആലോചിക്കുന്നതെന്നാണ് സൂചന.

പ്രഫുൽ പട്ടേൽ മന്ത്രിസ്ഥാനം നിരസിച്ചു

യുപിഎ മന്ത്രിസഭയിൽ ക്യാബിനറ്റ് റാങ്കുണ്ടായിരുന്ന തനിക്ക് മോദി മന്ത്രിസഭയിൽ സഹമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതിൽ പ്രതിഷേധിച്ച് എൻസിപി പ്രതിനിധി പ്രഫുൽ പട്ടേൽ മന്ത്രിസ്ഥാനം നിരസിച്ചു. 48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിൽ നിന്നു ജയിച്ച അജിത് പവാർ വിഭാഗം എൻസിപിയുടെ ഏക പ്രതിനിധിയാണ് പ്രഫുൽ പട്ടേൽ.

സത്യപ്രതിജ്ഞയ്ക്ക് അതിഥികൾ എത്തുന്നു

വിവിധ രാഷ്ട്ര മേധാവികളും സിനിമാ താരങ്ങളും അടക്കം ക്ഷണിക്കപ്പെട്ട അതിഥികൾ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിക്കൊണ്ടിരിക്കുന്നു. നരേന്ദ്ര മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാനുള്ള നിയുക്ത മന്ത്രിമാരും എത്തിച്ചേർന്നു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും