ന്യൂഡൽഹി : ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകുന്നേരം 5.45-ഓടെയാണു മോദി ദേവാലയത്തിലെത്തിയത്. ഇരുപതു മിനിറ്റോളം അദ്ദേഹം ദേവാലയത്തിൽ ചെലവഴിച്ചു.
കത്തീഡ്രലിൽ നടന്ന പ്രാർഥനയിൽ പങ്കാളിയായ പ്രധാനമന്ത്രി എല്ലാവർക്കും ഈസ്റ്റർ ആശംസയും നേർന്നു. ദേവാലയ അങ്കണത്തിൽ ചെടി നട്ട ശേഷമാണു പ്രധാനമന്ത്രി മടങ്ങിയത്. പ്രധാനമന്ത്രിയുടെ സന്ദർശനം ന്യൂനപക്ഷങ്ങൾക്കുള്ള പിന്തുണയാണ് വ്യക്തമാക്കുന്നതെന്നു ദേവാലയത്തിലെ ഫാദർ ഫ്രാൻസിസ് സ്വാമിനാഥൻ പറഞ്ഞു. ഒരു പ്രധാനമന്ത്രി ദേവാലയത്തിൽ എത്തുന്നത് ഇതാദ്യമാണ്, അദ്ദേഹം നേരിട്ടെത്തുന്നതു വലിയൊരു സന്ദേശമാണു നൽകുന്നതെന്നും ഫാദർ ഫ്രാൻസിസ് പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി ഈസ്റ്റർ ആശംസകളും നേർന്നിരുന്നു. ക്രിസ്തുവിന്‍റെ ചിന്തകളെ ഓർമിക്കുന്ന ദിനമാണ് ഈസ്റ്ററെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.