ന്യൂഡൽഹി: കോൺഗ്രസ് നോതാവ് രാഹുൽ ഗാന്ധിക്കെതിരായ ഫ്ലയിങ് കിസ് വിവാദത്തിൽ കേന്ദ്ര മന്ത്രി സൃതി ഇറാനിക്കെതിരേ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. മണിപ്പൂർ വിഷയത്തിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ശേഷം മടങ്ങവെ രാഹുൽ വനിതാ എംപിമാർക്ക് നേരെ ഫ്ലയിങ് കിസ് നൽകിയെന്നാണ് പരാതി.
സ്മൃതി ഇറാനി ആരോപണം ഉന്നയിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കു വച്ചായിരുന്നു പ്രകാശ് രാജിന്‍റെ വിമർശനം. സ്മൃതി ഇറാനിക്ക് ഫ്ലയിങ് കിസ് വലിയ ബുദ്ധിമുട്ടായെങ്കിൽ മണിപ്പൂരിലെ സ്ത്രീകൾക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ യാതൊരു പ്രശ്നവുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.
‘‘മുൻഗണനകളാണ് പ്രശ്നം. ഫ്ലയിങ് കിസ് മാഡംജിക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. പക്ഷേ, മണിപ്പുരിലെ നമ്മുടെ സ്ത്രീകൾക്കു സംഭവിച്ച കാര്യങ്ങളിൽ യാതൊരു പ്രശ്നവുമില്ല’’ – എന്നായിരുന്നു പ്രകാശ് രാജിന്‍റെ പോസ്റ്റ്.
കേന്ദ്രം മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി മൗനം തുടരുന്നെന്നാരോപിച്ചാണ് പ്രതിപക്ഷ മുന്നണിയുടെ നേതൃത്വത്തിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ് ചർച്ച നടന്നത്. രണ്ടാം ദിനമാണ് രാഹുൽ ഗാന്ധി അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിച്ചത്. പിന്നാലെയാണ് ആരോപണവുമായി വനിത എംപിമാർ രംഗത്തെത്തുകയും സ്പീക്കർക്ക് പരാതി നൽകുകയും ചെയ്തത്.