ജോർജ്ടൗൺ: കരീബിയൻ ദ്വീപ് രാജ്യമായ ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയുടെ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന വരവേൽപ്പ്. വിമാനത്താവളത്തിൽ ഗയാന പ്രസിഡന്‍റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയും പ്രധാനമന്ത്രി ബ്രിഗേഡിയർ (റിട്ട.) മാർക്ക് ആന്‍റണി ഫിലിപ്സും മന്ത്രിമാരും ചേർന്നാണു പ്രധാനമന്ത്രിയെ സ്വീകരിച്ചത്. തുടർന്ന് ഹോട്ടലിലെത്തിയ അദ്ദേഹത്തെ ഗയാനയിലെ ഇന്ത്യൻ സമൂഹം സംസ്കൃത ശ്ലോകങ്ങളടക്കം ചൊല്ലി വരവേറ്റു. അമ്പതു വർഷത്തിനുശേഷം ഗയാന സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു മോദി. സാരി ധരിച്ചാണ് പ്രവാസി വനിതകൾ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയത്.
180 ലേറെ വർഷം മുൻപ് കരീബിയൻ ദ്വീപുകളിലേക്കു കുടിയേറിയ ഇന്ത്യൻ സമൂഹത്തിന്‍റെ പിന്മുറക്കാർ ഇന്നും വേരുകൾ മറക്കുന്നില്ലെന്നത് സന്തോഷകരമെന്നു പ്രധാനമന്ത്രി പറഞ്ഞു. ബ്രസീലിൽ ജി 20 ഉച്ചകോടിയിൽ പങ്കെടുത്തശേഷമാണു മോദി ഗയാനയിലെത്തിയത്. 3.20 ലക്ഷം പേരുൾപ്പെടുന്നതാണു ഗയാനയിലെ ഇന്ത്യൻ സമൂഹം. ഇവരെക്കൂടാതെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 2000ലേറെ ഇന്ത്യക്കാരും ഇവിടെയുണ്ട്. ത്രിവർണപതാകയുമേന്തിയാണ് ഇവർ മോദിയെ സ്വീകരിക്കാനെത്തിയത്.
വിമാനത്താവളത്തിലെയും ഹോട്ടലിലെയും സ്വീകരണത്തിൽ ഗയാന മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും സന്നിഹിതരായി. ഇന്ത്യയും ഗയാനയും തമ്മിലുള്ള വളരെയടുത്ത സൗഹൃദത്തിന്‍റെ തെളിവായി, ജോർജ് ടൗൺ മേയർ “ജോർജ് ടൗൺ നഗരത്തിന്‍റെ താക്കോൽ” പ്രധാനമന്ത്രിക്കു കൈമാറി.
ഗയാനയും ബാർബഡോസും തങ്ങളുടെ പരമോന്നത പുരസ്‌കാരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ 'ദി ഓർഡർ ഒഫ് എക്‌സലൻസ്', ബാർബഡോസിന്‍റെ ഉന്നത ബഹുമാതിയായ 'ഓണററി ഓർഡർ ഒഫ് ഫ്രീഡം ഓഫ് ബാർബഡോസ് എന്നിവയാണ് മോദിക്ക് സമ്മാനിക്കുക. ഇതോടെ, മോദിക്ക് ലോകരാജ്യങ്ങൾ സമ്മാനിച്ച ബഹുമതികളുടെ എണ്ണം 19 ആകും.