ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെയും കർണാടകയിലെയും കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വിജയങ്ങളുടെ പശ്ചാത്തലത്തിൽ പ്രിയങ്ക ഗാന്ധിക്ക് പാർട്ടിക്കുള്ളിൽ സ്വാധീനം വർധിക്കുന്നു. മധ്യപ്രദേശിലും തെലങ്കാനയിലും ഈ വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പ്രചാരണ രംഗത്ത് കൂടുതൽ വലിയ ഉത്തരവാദിത്വങ്ങളാണ് പ്രിയങ്കയെ കാത്തിരിക്കുന്നത്. രാജസ്ഥാനും ഛത്തിസ്‌ഗഡും അടക്കം നാലു സംസ്ഥാനങ്ങളിലാണ് ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെലങ്കാനയിൽ ഇതിനകം തന്നെ പ്രിയങ്ക ഒരു റാലിയെ അഭിസംബോധന ചെയ്തു കഴിഞ്ഞു. മധ്യപ്രദേശിൽ ജൂൺ 12നും റാലിയിൽ പങ്കെടുക്കും. എല്ലാ സ്ത്രീകൾക്കും 1500 രൂപ പ്രതിമാസം ഉറപ്പു നൽകുന്ന കോൺഗ്രസ് വാഗ്ദാനമായിരിക്കും അവിടെ പ്രിയങ്ക ആവർത്തിക്കാൻ പോകുന്നതെന്നാണ് സൂചന.
ഛത്തിസ്‌ഗഡിലും പ്രിയങ്ക ഊർജിതമായി തന്നെ പ്രചരണ രംഗത്തിറങ്ങുമെന്നാണ് വിവരം. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ പ്രിയങ്ക അവതരിപ്പിച്ച മഹിളാ സംവാദ് എന്ന ക്യാപെയ്ൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം കാര്യമായി ഉപയോഗിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് വരുമാന പിന്തുണ, സൗജന്യ ഗ്യാസ് സിലിണ്ടർ, സൗജന്യ പൊതുഗതാഗതം തുടങ്ങിയ വാഗ്ദാനങ്ങൾ ഇതിന്‍റെ ഭാഗമാണ്.
കർണാടകയിൽ ഇത്തരം വിഷയങ്ങൾ കൂടി ഉൾപ്പെട്ടതാണ് പാർട്ടി പ്രകടനപത്രികയിൽ അവതരിപ്പിച്ച അഞ്ച് വാഗ്ദാനങ്ങൾ. ഇത് അവിടത്തെ തെരഞ്ഞെടുപ്പ് വിജയത്തിൽ വലിയ പങ്ക് വഹിച്ചെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലും സമാന പദ്ധതികൾ പ്രഖ്യാപിക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം. സ്ത്രീ വോട്ടർമാരെ കേന്ദ്രീകരിച്ചുള്ള പ്രചാരണ പരിപാടിയാണ് പാർട്ടിയുടെ ലക്ഷ്യം.
പ്രിയങ്കയുടെ സംഘാടന ശേഷിയല്ല, പ്രചാരണ ശൈലിയാണ് കർണാടകയിൽ ഗുണം ചെയ്തതെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്.