ന്യൂഡൽഹി: കുരുക്ഷേത്ര യുദ്ധഭൂമിയിൽ ആറുപേർ അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുടുക്കി കൊലപ്പെടുത്തിയ പോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിന്‍റെ കുരുക്കിലാണെന്ന് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി നെഞ്ചിൽ അണിഞ്ഞിരിക്കുന്ന താമര ചിഹ്നം പ്രതിനിധീകരിക്കുന്ന ചക്ര വ്യൂഹത്തിലാണ് ഇന്ത്യയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
21-ാം നൂറ്റാണ്ടിൽ രൂപീകൃതമായ പുതിയ ചക്രവ്യൂഹത്തിന്‍റെ കേന്ദ്രത്തിൽ 6 പേരുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വ്യവസായികളായ അംബാനി, അദാനി എന്നിവരാണ് ചക്രവ്യൂഹത്തിന്‍റെ കേന്ദ്ര ബിന്ദുക്കളെന്നും രാഹുൽ പേരെടുത്ത് പറഞ്ഞു. രാജ്യത്തെ യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍, ചെറുകിട, ഇടത്തരം വ്യവസായങ്ങളെല്ലാം ഈ ചക്രവ്യൂഹത്തില്‍ തളര്‍ന്നിരിക്കുകയാണ്. ധനമന്ത്രിയുടെ ബജറ്റ് ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നവരെ സംരക്ഷിക്കാനാണെന്നും രാഹുല്‍ പറഞ്ഞു.
ഇത് സഭയിൽ വലിയ ബഹളത്തിന് വഴിവച്ചു. രാഹുലിന്‍റെ പ്രസംഗത്തില്‍ ഇടപെട്ട സ്പീക്കര്‍ ഓം ബിര്‍ള സഭയില്‍ അംഗങ്ങളല്ലാത്തവരുടെ പേര് പരാമര്‍ശിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി. ശരി സര്‍, അംബാനിയുടെയും അദാനിയുടേയും ദോവലിന്‍റേയും പേര് വേണമെങ്കിൽ അങ്ങയ്ക്ക് എന്‍റെ പ്രസംഗത്തിൽ നിന്നും ഒഴിവാക്കാമെന്ന് രാഹുൽ മറുപടി നൽകി.