പ്രതിപക്ഷ നേതാവായി നിയമിതനായ രാഹുൽ ഗാന്ധിയെ അഭിനന്ദിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കേരളത്തിൽ നിന്നുള്ള എംപിമാരായ കെ.സി. വേണുഗോപാൽ, രാജ്‌മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും കാണാം. 
India

പുതിയ ഉത്തരവാദിത്വങ്ങൾ; രാഹുൽ ഔപചാരികമായി മുൻനിരയിലേക്ക്

ക്യാബിനറ്റ് മന്ത്രിയുടേതിനു തുല്യമായ റാങ്കുണ്ട് പ്രതിപക്ഷ നേതാവിന്. പാർലമെന്‍റ് ഹൗസിൽ ഓഫിസ്, ജീവനക്കാർ തുടങ്ങിയവയും ശമ്പളവും (3.3 ലക്ഷം രൂപ) ആനുകൂല്യങ്ങളും ലഭിക്കും.

ന്യൂഡൽഹി: ലോക്സഭാംഗമായുള്ള രണ്ടു പതിറ്റാണ്ടിനുശേഷം കേൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവിന്‍റെ വലിയ ഉത്തരവാദിത്വത്തിലേക്ക്. രാഹുലിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തുകൊണ്ടുള്ള കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ കത്ത് ലോക്സഭാ സ്പീക്കർ ഓം ബിർള അംഗീകരിച്ചു. ഇതോടെ, 10 വർഷത്തിനു ശേഷം ലോക്സഭയ്ക്ക് ഔദ്യോഗിക പ്രതിപക്ഷ നേതാവിനെയും ലഭിച്ചു. ലോക്സഭയിലെ ആകെ അംഗബലത്തിന്‍റെ 10 ശതമാനമാണ് പ്രതിപക്ഷ നേതൃത്വത്തിനുള്ള മാനദണ്ഡം. 2014ലും 2019ലും ഒരു പ്രതിപക്ഷകക്ഷിക്കും ഇതു തികയ്ക്കാനായിരുന്നില്ല.

ക്യാബിനറ്റ് മന്ത്രിയുടേതിനു തുല്യമായ റാങ്കുണ്ട് പ്രതിപക്ഷ നേതാവിന്. 1977ലെ പാർലമെന്‍റ് നിയമപ്രകാരം പാർലമെന്‍റ് ഹൗസിൽ ഓഫിസ്, ജീവനക്കാർ തുടങ്ങിയവയും ശമ്പളവും (3.3 ലക്ഷം രൂപ) ആനുകൂല്യങ്ങളും ലഭിക്കും. ലോക്സഭയിൽ സ്പീക്കറുടെ ഇടതുവശത്തെ നിരയിൽ മുൻ ബെഞ്ചിലാകും രാഹുലിന് സ്ഥാനം. ഇസഡ് പ്ലസ് സുരക്ഷയുണ്ടാകും. സഭയിലെത്തുന്ന രാഷ്‌ട്രപതിയെ സ്വീകരിക്കാൻ പ്രധാനമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവുമുണ്ടാകണം. വിദേശരാഷ്‌ട്രത്തലവന്മാർ രാജ്യം സന്ദർശിക്കുമ്പോൾ അവരുമായി കൂടിക്കാഴ്ചയ്ക്കും അവസരമുണ്ടാകും.

സിബിഐ ഡയറക്റ്റർ, തെരഞ്ഞെടുപ്പ് കമ്മിഷണർമാർ, മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ, ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ, മുഖ്യ വിജിലൻസ് കമ്മിഷണർ എന്നിവരുടെ നിയമനത്തിനുള്ള പാനലിൽ പ്രധാനമന്ത്രിക്കൊപ്പം അംഗമാണു പ്രതിപക്ഷ നേതാവ്. ഈ പാനലുകളിൽ ഭൂരിപക്ഷത്തിലും ഒരു കേന്ദ്രമന്ത്രി കൂടി അംഗമായതിനാൽ 2-1 ഭൂരിപക്ഷത്തിന് സർക്കാർ നിശ്ചയിക്കുന്നതു നടപ്പാകും.

രാഹുലിന്‍റെ അച്ഛനും മുൻ പ്രധാനമന്ത്രിയുമായ അന്തരിച്ച രാജീവ് ഗാന്ധി 1989-90 കാലത്ത് വി.പി. സിങ് പ്രധാനമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവായിരുന്നു. എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ 1999-2004ൽ അമ്മ സോണിയയും പ്രതിപക്ഷ നേതൃത്വം വഹിച്ചു.

ഭാരത് ജോഡോ യാത്ര മുതൽ വെള്ള ടി ഷർട്ടും ജീൻസും ധരിച്ച് പൊതുവേദിയിലെത്തിയിരുന്ന രാഹുൽ പുതിയ പദവിയിലേക്കെത്തിയതോടെ വേഷവും മാറ്റി. കുർത്തയും പൈജാമയുമാണു പുതിയ വേഷം.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?