ചണ്ഡിഗഡ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച രാവിലെ ഹരിയാനയിലെ ഝജ്ജറിലുള്ള വീരേന്ദർ ആര്യ അഖാഡ സന്ദർശിച്ചു. ബജ്റംഗ് പൂനിയ അടക്കമുള്ള ഗുസ്തി താരങ്ങളുമായി രാഹുൽ ഇവിടെ ചർച്ച നടത്തി.
റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പിനെത്തുടർന്ന് വീണ്ടും സജീവമായ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ സന്ദർശനം. ലൈംഗികാരോപണം നേരിടുന്ന മുൻ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ അടുത്ത അനുയായിയായ സഞ്ജയ് സിങ് ഡബ്ല്യുഎഫ്ഐയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഗുസ്തി താരങ്ങൾ വീണ്ടും സമരമുഖത്തെത്തിയത്.
ഇതിന്‍റെ ഭാഗമായി സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിക്കുകയും ബജ്റംഗ് പൂനിയ പത്മശ്രീ പുരസ്കാരവും വിനേഷ് ഫോഗട്ട് ഖേൽരത്നയും തിരിച്ചു നൽകുകയും ചെയ്തിരുന്നു.
രാഹുൽ ഗാന്ധി അഖാഡയിൽ തങ്ങൾക്കൊപ്പം വ്യായാമം ചെയ്തെന്നും ഗുസ്തിയിലും ഒരു കൈ നോക്കിയെന്നും ബജ്റംഗ് പൂനിയ പിന്നീട് അറിയിച്ചു. ഗുസ്തിക്കാരുടെ നിത്യജീവിതം നേരിൽ കണ്ടു മനസിലാക്കാനാണ് അദ്ദേഹം അഖാഡയിൽ വന്നതെന്നും പൂനിയ.