ന്യൂഡൽഹി: ട്രെയ്‌നുകളിലെ ലോക്കോ പൈലറ്റുമാരുടെയും ഗാർഡുമാരുടെയും സാമഗ്രികൾ സൂക്ഷിക്കുന്ന "ഇരുമ്പു പെട്ടികൾ' വിരമിക്കുന്നു. ഇവയ്ക്കു പകരം ട്രോളി ബാഗുകൾ ഉപയോഗിക്കണമെന്ന് സോണൽ ഓഫിസുകൾക്ക് റെയ്‌ൽവേ ബോർഡ് നിർദേശം നൽകി. ജീവനക്കാരിൽ നിന്ന് എതിർപ്പുണ്ടായില്ലെങ്കിൽ ഇരുമ്പു പെട്ടികൾ വൈകാതെ ഓർമകളിൽ മാത്രമാകും.
ട്രെയ്‌നുകളിൽ ലോക്കോപൈലറ്റുമാരുടെയും ഗാർഡുകളുടെയും സ്വകാര്യ സാമഗ്രികളും ജോലിയുമായി ബന്ധപ്പെട്ട വസ്തുക്കളും സൂക്ഷിക്കാനാണ് ഇവർക്ക് ഇരുമ്പു പെട്ടികൾ അനുവദിച്ചിരുന്നത്. 20 കിലോഗ്രാം ഭാരമുള്ള പെട്ടി കാബിനിൽ എത്തിക്കാൻ പോർട്ടർമാരെയും നിയോഗിച്ചിരുന്നു റെയ്‌ൽവേ.
2006ൽ പെട്ടികൾ ഉപേക്ഷിച്ച് ട്രോളി ബാഗിലേക്കു മാറാൻ റെയ്‌ൽവേ നീക്കം തുടങ്ങിയെങ്കിലും ജീവനക്കാരുടെ സംഘടനകൾ എതിർത്തു. പോർട്ടർമാരുടെ ജോലി കൂടി തങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്നുവെന്നതായിരുന്നു യൂണിയനുകളുടെ ആരോപണം. കൂടാതെ, ട്രെയ്‌നുകളിലെ ആവശ്യത്തിനായി നൽകുന്ന പൊട്ടാസ്യം ക്ലോറേറ്റും സൾഫറും ഉൾപ്പെടെ രാസവസ്തുക്കൾ കൂടുതൽ സുരക്ഷിതമായി വയ്ക്കാനാകുന്നത് ഇരുമ്പു പെട്ടിയിലാണെന്ന വാദവും ഇവർ ഉയർത്തി. ഇരുമ്പു പെട്ടിക്കു ഭാരമുളളതിനാൽ ട്രെയ്‌ൻ നിർത്തിയിടുമ്പോൾ ഇതു കടത്തിക്കൊണ്ടുപോകാൻ സമൂഹവിരുദ്ധർക്കു കഴിയില്ലെന്നും ഇവർ പറഞ്ഞു. എതിർപ്പ് രൂക്ഷമായതോടെ ട്രോളി ബാഗുകളിലേക്കുള്ള മാറ്റം മാറ്റിവയ്ക്കാൻ റെയ്‌ൽവേ നിർബന്ധിതമായി.
എന്നാൽ, 2018ൽ ഉത്തരറെയ്‌ൽവേയിലും ദക്ഷിണ മധ്യ റെയ്‌ൽവേയിലും ഇതു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു. മികച്ച പ്രതികരണം ലഭിച്ചതിനാൽ 2022ൽ ഇത് രാജ്യമാകെ വ്യാപിപ്പിക്കാനും റെയ്‌ൽവേ ബോർഡ് ഉത്തരവിട്ടു. ട്രോളി ബാഗ് വാങ്ങാൻ മൂന്നു വർഷത്തിലൊരിക്കൽ 5000 രൂപ ബത്തയും പ്രഖ്യാപിച്ചു. എന്നാൽ, ജീവനക്കാരുടെ സംഘടനകൾ ഇതിനെതിരേ കേന്ദ്ര ട്രൈബ്യൂണലിനെ സമീപിച്ചതിനാൽ തീരുമാനം വീണ്ടും അനിശ്ചിതത്വത്തിലായി. റെയ്‌ൽവേയുടെ നയപരമായ തീരുമാനങ്ങളെ ജീവനക്കാർക്ക് എതിർക്കാനാവില്ലെന്ന് ട്രൈബ്യൂണൽ അടുത്തിടെ വ്യക്തമാക്കിയതാണ് ഇരുമ്പു പെട്ടിക്ക് "ഗുഡ് ബൈ' പറയാൻ ഇപ്പോൾ സാഹചര്യമൊരുക്കിയത്. എന്നാൽ, ട്രൈബ്യൂണലിനെതിരേ ഡൽഹി ഹൈക്കോടതിയെ സമീപിക്കാനാണു യൂണിയന്‍റെ തീരുമാനം. ബാഗിനു പകരം ക്യാബിനിൽ സ്ഥിരമായി ഘടിപ്പിക്കുന്ന പെട്ടിയായാലും മതിയെന്നാണ് സംഘടനകളുടെ നിർദേശം.