ജയ്പൂർ: രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമെടുത്ത് കോൺഗ്രസ് നേതൃത്വം. രാജസ്ഥാൻ കോൺഗ്രസിൽ ഏറെ കാലമായി നിലനിന്നിരുന്ന അശോക് ഗെഹ്‌ലോത്തും സച്ചിൻ പൈലറ്റുമായുള്ള പ്രശ്നത്തിനാണ് ഇതിലൂടെ തീരുമാനമാവുന്നത്. കാലങ്ങളായി സച്ചിൻ പൈലറ്റ് മുന്നോട്ടു വച്ച ആവശ്യങ്ങൾക്കാണ് നേതൃത്വം ഇപ്പോൾ പച്ചക്കൊടി കാണിച്ചിരിക്കുന്നത്.
പിഎസ്‌സി നിയമനിർമാണം നടത്താനും ചോദ്യപേപ്പർ ചോർച്ചയിൽ അന്വേഷണം നടത്താനും തീരുമാനിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. രാജസ്ഥാൻ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, രാജസ്ഥാനിൽ ഇന്നു മുതൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു പ്രചരണം ആരംഭിക്കുകയാണ്. മന്ത്രിമാരും എംഎൽഎമാരും വീടുകളിൽ സന്ദർശനം നടത്തും. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനാണ് കോൺഗ്രസ് ശ്രമം. കർണാടകയിലെ പോലെ രാജസ്ഥാനിലും ഭാരത് ജോഡോ യാത്ര കരുത്തു പകരുമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ ആദ്യവാരം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു.