ന്യൂഡൽഹി: പട്ടികജാതിയിൽ ഉപവിഭാഗങ്ങളെ തരംതിരിച്ച് സംവരണം നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് രാഷ്‌ട്രീയ കക്ഷികൾ. വിധി ചരിത്രപരമെന്നു വൈഎസ്ആർസിപി, ടിഡിപി, ബിആർഎസ് തുടങ്ങി വിവിധ പാർട്ടികൾ പ്രതികരിച്ചു. സിപിഎം, ഡിഎംകെ തുടങ്ങിയ പാർട്ടികളും വിധിയെ സ്വാഗതം ചെയ്തു.
കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് ഉപവിഭാഗങ്ങളെ സംവരണ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നു വിധിച്ചത്. എസ്‌സി /എസ്ടി സംവരണത്തിന് ക്രീമിലെയർ ബാധകമാക്കണമെന്നും അതിന്‍റെ മാനദന്ധം ഒബിസിയുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
പിന്നോക്കാവസ്ഥയുള്ളവരുടെ കൃത്യമായ കണക്കിന്‍റെ അടിസ്ഥാനത്തിലാവണം ഉപവിഭാഗങ്ങളെ നിശ്ചയിക്കേണ്ടത്. ഇത് ഭരണഘടനയിലെ സമത്വം, പാർലമെന്റിന്റെ അധികാരം, തുല്യ അവസരം എന്നിവ ലംഘിക്കുന്നതല്ല. അതീവ പിന്നോക്കാവസ്ഥയിൽ ഉള്ളവർക്ക് മുൻഗണന സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെങ്കിലും ഉപവിഭാഗത്തിന് 100% സംവരണം പാടില്ലെന്നും കോടതി വ്യക്തമാക്കി.