ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് ഡെസ്റ്റിനേഷനുകളിലൊന്നാണ് ഗുജറാത്ത്. രാജ്യത്തെ പ്രമുഖ വ്യവസായികളെ ആകർഷിക്കുന്ന സംസ്ഥാനം.എന്നാൽ ഇന്ന് ഏഷ‍്യയിലെ തന്നെ ഏറ്റവും കൂടുതൽ സമ്പത്തുള്ള ഗ്രാമമാണ് ഗുജറാത്തിലെ മദാപർ. ഇവിടുത്തെ ഗ്രാമ നിവാസികൾക്ക് ഏതാണ്ട് 7000 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഉണ്ടെന്നാണ് കണക്കുകൾ സൂച്ചിപ്പിക്കുന്നത്. ഈ കണക്കുകൾ ഇവർ എത്രത്തോളം സമ്പന്നരാണെന്ന് വ‍്യക്തമാക്കുന്നു. പട്ടേൽ സമുദായക്കാരാണ് മദാപർ ഗ്രാമത്തിൽ കൂടുതലും. 2011ലെ ജനസംഖ‍്യ കണക്കനുസരിച്ച് 17,000 തിൽ നിന്ന് 32,000 ത്തിലേക്ക് ഉയർന്നു.
എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, പിഎൻബി, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയ പ്രധാന പൊതു സ്വകാര്യ ബാങ്കുകൾ ഉൾപ്പെടെ 17 ബാങ്കുകളാണ് ഗ്രാമത്തിലുള്ളത്. സമൃദ്ധിക്ക് പിന്നിലെ കാരണം ഇവിടെ താമസിക്കുന്ന എൻആർഐ (നോൺ റസിഡന്‍റ് ഇന്ത്യൻ) കുടുംബങ്ങളാണ്. അവർ ഓരോ വർഷവും പ്രാദേശിക ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും കോടികൾ നിക്ഷേപിക്കുന്നു. ഗ്രാമത്തിൽ ഏകദേശം 20,000 വീടുകളുണ്ട് എന്നാൽ ഏകദേശം 1,200 കുടുംബങ്ങൾ വിദേശത്താണ് താമസിക്കുന്നത് കൂടുതലും ആഫ്രിക്കൻ രാജ്യങ്ങളിൽ.
നിരവധി ഗ്രാമീണർ വിദേശത്ത് താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും അവർ അവരുടെ ഗ്രാമത്തോട് ചേർന്നുനിൽക്കുന്നു. അവർ താമസിക്കുന്ന സ്ഥലത്തേക്കാൾ ഇവിടെ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതാണ് ഈ സമ‍്യദ്ധിക്ക് കാരണമെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പരുൽബെൻ കാര വ‍്യക്തമാക്കി.
വെള്ളം, ശുചീകരണം, റോഡ്, ബംഗ്ലാവുകൾ, പൊതു-സ്വകാര്യ സ്കൂളുകൾ, തടാകങ്ങൾ, ക്ഷേത്രങ്ങൾ, തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്.