ന്യൂഡൽഹി: കർഷകരുടെ ക്ഷേമം മെച്ചപ്പെടുത്താനും മണ്ണിന്റെ ഉൽപ്പാദനക്ഷമത പുനരുജ്ജീവിപ്പിക്കാനും ഭക്ഷ്യസുരക്ഷയും പാരിസ്ഥിതിക സുസ്ഥിരതയും ഉറപ്പാക്കാനുമുള്ള പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭാ സമിതിയുടെ അംഗീകാരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി കർഷകർക്കായി മൊത്തം 3,70,128.70 കോടി രൂപയുടെ നൂതന പദ്ധതികളുടെ സവിശേഷ പാക്കെജിന് അംഗീകാരം നൽകി.
യൂറിയ സബ്സിഡി പദ്ധതി തുടരും. 2025 വരെ 3 വർഷത്തേക്ക് യൂറിയ സബ്സിഡിക്കായി 3,68,676.7 കോടി രൂപ നൽകും. നികുതിയും വേപ്പുപൂശൽ നിരക്കുകളും ഒഴികെ 242 രൂപയ്ക്ക് 45 കിലോഗ്രാം ചാക്ക് എന്ന അതേ വിലയിൽ കർഷകർക്ക് യൂറിയയുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുന്നതിന് യൂറിയ സബ്സിഡി പദ്ധതി തുടരും. മണ്ണിലെ സൾഫർ ക്ഷാമം പരിഹരിക്കാനും കർഷകർക്കു പ്രവർത്തനച്ചെലവു ലാഭിക്കാനും സൾഫർ പൂശിയ യൂറിയ (യൂറിയ ഗോൾഡ്) അവതരിപ്പിക്കും.
മാലിന്യത്തിൽനിന്നു സമ്പത്ത് എന്ന പദ്ധതി മാതൃകയാക്കാൻ വിപണി വികസന സഹായ പദ്ധതിക്ക് 1,451 കോടി രൂപ അനുവദിച്ചു. മണ്ണിനെ സമ്പുഷ്ടമാക്കാനും പരിസ്ഥിതി സുരക്ഷിതവും വൃത്തിയുള്ളതുമായി നിലനിർത്താനും ഗോബർധൻ പ്ലാന്റുകളിൽ നിന്നുള്ള കാർഷികാവശിഷ്ടങ്ങളും ജൈവവളവും ഉപയോഗിക്കും.