അഹങ്കാരികളെ ശ്രീരാമന്‍ 240ൽ ഒതുക്കി: ആർഎസ്എസ് നേതാവ് 
India

അഹങ്കാരികളെ ശ്രീരാമന്‍ 240ൽ ഒതുക്കി: ആർഎസ്എസ് നേതാവ്

ജയ്‌പുര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ ബിജെപിയെ വീണ്ടും "കുത്തിനോവിച്ച്' ആർഎസ്എസ്. രാമഭക്തരെങ്കിലും അഹങ്കാരികളായി മാറിയവരെ ഭഗവാൻ ശ്രീരാമൻ 240 സീറ്റുകളിലേക്ക് ഒതുക്കിയെന്ന് മുതിർന്ന ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ പറഞ്ഞു. രാമവിരുദ്ധർക്ക് അധികാരം നൽകിയില്ലെന്നും പ്രതിപക്ഷ സഖ്യത്തെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

ജയ്‌പുരിനടുത്തു കനോട്ടയില്‍ രാമരഥ് അയോധ്യ യാത്ര ദര്‍ശന്‍ പൂജന്‍ സമാരോഹില്‍ സംസാരിക്കുകയായിരുന്നു ആർഎസ്എസ് ദേശീയ എക്സിക്യൂട്ടിവ് അംഗം. യഥാർഥ സേവകന് അഹങ്കാരമുണ്ടാവില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടി ബിജെപിയുടെ അമിത ആത്മവിശ്വാസം മൂലമുണ്ടായതാണെന്ന് ആർഎസ്എസ് മുഖപത്രം ഓർഗനൈസറിൽ മുതിർന്ന നേതാവ് രത്തൻ ശാരദയുടെ ലേഖനത്തിൽ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ദ്രേഷ് കുമാറിന്‍റെ പരോക്ഷ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്എസ്- ബിജെപി ബന്ധം ഊഷ്മളമായിരുന്നില്ലെന്ന സൂചനകൾക്ക് ബലം നൽകുന്നതാണു മുതിർന്ന നേതാക്കളുടെ പ്രതികരണങ്ങൾ.

‌"ജനാധിപത്യത്തിലെ രാമരാജ്യത്തിന്‍റെ ജനപ്രതിനിധി സഭയിലേക്കു നോക്കൂ. രാമനെ ആരാധിച്ചിരുന്നവര്‍ ക്രമേണ അഹങ്കാരികളായി മാറിയപ്പോൾ അവരെ 240ൽ ഒതുക്കി. അധികാരത്തിലെത്തിയെങ്കിലും ഇവരുടെ കരുത്തും വോട്ടും രാമൻ ചോര്‍ത്തി. അത് അഹങ്കാരത്തിന് നല്‍കിയ പ്രതിഫലമാണ്. രാമനില്‍ വിശ്വാസമില്ലാത്തവരെ 234ലും ഒതുക്കി. അവർക്ക് അധികാരം നൽകിയില്ല''- ഇന്ദ്രേഷ് കുമാർ പറഞ്ഞു. ദൈവത്തിന്‍റെ നീതി ശരിയും ആസ്വാദ്യകരവുമാണ്. രാമനെ ആരാധിക്കുന്നവര്‍ വിനയമുള്ളവരാകണം. എതിര്‍ക്കുന്നവരെ അദ്ദേഹം കൈകാര്യം ചെയ്‌ത് കൊള്ളും. രാമന്‍ ആരെയും വേര്‍തിരിച്ച് ശിക്ഷിക്കില്ല. രാമന്‍ നീതിമാനാണ്. ഭഗവാൻ എല്ലാവരെയും സംരക്ഷിക്കും. രാവണന് പോലും നന്മ ചെയ്‌ത ആളാണെന്നും ഇന്ദ്രഷ് കുമാര്‍ പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പിൽ യുപിയിലുണ്ടായ കനത്ത തിരിച്ചടിക്കു ശേഷം ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ശനിയാഴ്ച ഒരേ വേദിയിലെത്തിയേക്കും. 5 ദിവസത്തെ ആർഎസ്എസ് പ്രവർത്തകരുടെ യോഗത്തിന് ബുധനാഴ്ച യോഗിയുടെ തട്ടകമായ ഗോരഖ്പുരിലെത്തിയിരുന്നു മോഹൻ ഭാഗവത്. വെള്ളിയാഴ്ച അദ്ദേഹം യോഗത്തെ അഭിസംബോധന ചെയ്തു. ശനിയാഴ്ച യോഗി ക്യാംപിലെത്തിയേക്കും. കാശി, ഗോരഖ്പുർ, കാൺപുർ, അവധ് മേഖലകളിലെ 280 ആർഎസ്എസ് നേതാക്കളാണു യോഗത്തിൽ പങ്കെടുക്കുന്നത്. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളാണ് ക്യാംപിലെ ചർച്ച.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു