ജയ്പുർ: രാജസ്ഥാനിൽ കോൺഗ്രസ് വിമത നേതാവ് സച്ചിൻ പൈലറ്റ് പുതിയ പാർട്ടി രൂപീകരിച്ചേക്കും. അച്ഛൻ രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനമായ 11ന് ദൗസയിൽ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണു റിപ്പോർട്ട്. പുതിയ പാർട്ടിയുടെ രൂപീകരണവും ഘടനയും സംബന്ധിച്ച് തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ഐപിഎസിയുമായി ചർച്ച ചെയ്തു. ഇക്കാര്യം ഐപിഎസി സ്ഥിരീകരിച്ചെങ്കിലും സച്ചിൻ ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കെയാണു സംസ്ഥാനത്ത് ഭരണകക്ഷിയായ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി സച്ചിൻ പൈലറ്റിന്റെ വിമത നീക്കം. 2018ൽ പിസിസി അധ്യക്ഷനായിരുന്ന സച്ചിനെ മറികടന്ന് മുതിർന്ന നേതാവ് അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിയാക്കിയപ്പോൾ തുടങ്ങിയ അസ്വാരസ്യമാണ് കൂടുതൽ വഷളാകുന്നത്.
2013 മുതൽ 2018 വരെ സംസ്ഥാനം ഭരിച്ച ബിജെപി സർക്കാരിന്റെ അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അടുത്തിടെ സച്ചിൻ പൈലറ്റ് നടത്തിയ തുറന്ന സമരങ്ങളാണ് പാർട്ടിയെ പിളർപ്പിന്റെ വക്കിലേക്കെത്തിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സച്ചിനെയും ഗെഹ്ലോട്ടിനെയും വിളിച്ചു വരുത്തി സമവായ ചർച്ച നടത്തിയിരുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ചർച്ചയ്ക്കുശേഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറയുകയും ചെയ്തു. എന്നാൽ, വ്യാഴാഴ്ച വൈകിട്ട് സച്ചിൻ വീണ്ടും ഗെഹ്ലോട്ടിനെതിരേ രംഗത്തെത്തി.
യുവാക്കൾക്കു താൻ നൽകിയ ഉറപ്പുകളും പ്രതിബദ്ധതയും പൊള്ളയായ വാചകങ്ങളല്ലെന്നും അഴിമതി, യുവാക്കളുടെ ഭാവി എന്നീ രണ്ട് വിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും തുറന്നടിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസം മുമ്പ് പാര്‍ട്ടി നേതൃത്വവുമായി ഞാന്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഞാന്‍ ഉന്നയിച്ച ആവശ്യങ്ങളെക്കുറിച്ച് പാര്‍ട്ടിക്ക് അറിയാം. സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് വിശ്വസിക്കുന്നു. അതിനാല്‍ ഇപ്പോള്‍ ഞാന്‍ കാത്തിരിക്കുകയാണ്. നടപടിയെടുക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്നും സച്ചിന് പറഞ്ഞു.
സച്ചിന്റെ പ്രസ്താവനയോടോ പുതിയ നീക്കങ്ങളോടോ ഹൈക്കമാൻഡ് പ്രതികരിച്ചിട്ടില്ല. എല്ലാ കാര്യങ്ങലും വേണുഗോപാൽ പറഞ്ഞെന്നും പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.